പൊയ്യ കുടുംബാരോഗ്യ കേന്ദ്രം രാത്രികാല ചികില്‍സയില്ല; പ്രതിഷേധം ശക്തമാവുന്നു

മാള: പൊയ്യ ഗ്രാമപഞ്ചായത്തിലുള്ള ആതുര രംഗത്തെ ഏകാശ്രയമായ പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാത്രികാല ചികില്‍സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊയ്യ ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് രോഗികള്‍ നിത്യേന ചികില്‍സ തേടിയെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാത്രികാല ചികില്‍സ ലഭ്യമാക്കുന്നതിനായി ഡോക്ടറെ നിയമിക്കണമെന്ന ജനകീയ ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടക്കുകയാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇവിടെ രാത്രികാല ചികില്‍സ ലഭിച്ചിരുന്നു. മൂന്ന് ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്ന ഈ ആശുപത്രിയില്‍ രാത്രികാല ചികില്‍സക്ക് ഒരു ഡോക്ടറുടെ സേവനം ഉണ്ടാകണമെന്നാണ് നിബന്ധന. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി രാത്രികാലങ്ങളില്‍ ഒരു ഡോക്ടറുടെയും സേവനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. കാലവര്‍ഷക്കെടുതിയും പകര്‍ച്ച വ്യാധികളും കാരണം ദുരിതത്തിലായ പ്രദേശവാസികള്‍ രാത്രികാലങ്ങളില്‍ ചികില്‍സ ലഭിക്കുന്നതിനായി കിലോമീറ്ററുകളേറെ സഞ്ചരിച്ച് മാളയിലോ കൊടുങ്ങല്ലൂരിലോ എത്തേണ്ട ദുരവസ്ഥയാണുള്ളത്. പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സയില്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ രോഗം വഷളാകുന്നവരെ മറ്റ് ആശുപത്രികളില്‍ എത്തിക്കേണ്ട ദുരവസ്ഥയുമുണ്ട്.
പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാത്രികാല ചികില്‍സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പൊയ്യ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡി സി സി സെക്രട്ടറി വി എ അബ്ദുല്‍ കരീം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പൊയ്യ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാബു കൈതാരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എ എ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. എ ബി സുരേഷ്, സോയി കോലഞ്ചേരി, വി ബി ബാലകൃഷ്ണന്‍, സി ഡി തോമസ്, ടി എ തോമസ്, വില്‍സണ്‍ സി കെ, ജെഫ് ഇവാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top