പൊന്‍കുന്നം-പുനലൂര്‍ റോഡ് നിര്‍മാണം: ജനം ആശങ്കയില്‍

പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡരികില്‍ സ്ഥലമുണ്ടായിരുന്നവര്‍ക്കുണ്ടായ അവസ്ഥ പൊന്‍കുന്നം-പുനലൂര്‍ റോഡ് നിര്‍മാണത്തില്‍ ഉണ്ടാവുമോ എന്ന ആശങ്കയില്‍ ജനം.
സ്ഥലം വിട്ടു കൊടുത്തവര്‍ക്കു നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും റോഡ് നിര്‍മാണം തുടങ്ങുമ്പോള്‍ ഇനിയും കൂടുതല്‍ നഷ്ടം അവര്‍ സഹിക്കേണ്ട വിധത്തിലാവരുത് നിര്‍മാണം എന്ന ആവശ്യമാണ് പാലാ റോഡിലെ അനുഭവത്തില്‍ നിന്ന് നാട്ടുകാരുടെ ആവശ്യം. പാലാ-പൊന്‍കുന്നം റോഡില്‍ പഴയ റോഡ് താഴ്ത്തി നിര്‍മിച്ചപ്പോള്‍ സ്ഥലം സംരക്ഷിക്കാന്‍ പലര്‍ക്കും ഉയരത്തില്‍ കല്‍ക്കെട്ട് നിര്‍മിക്കേണ്ടി വന്നു. റോഡിന്റെ തിട്ടയില്‍ വീടുള്ള ചിലര്‍ക്കു മാത്രം മതില്‍ കെട്ടിക്കൊടുത്തിരുന്നു അധികൃതര്‍. എന്നാല്‍ കൂടുതല്‍ പേര്‍ക്കും സ്വന്തം ചെലവില്‍ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കേണ്ടി വന്നു. റോഡ് ഉയര്‍ത്തിയപ്പോള്‍ ചില വീടുകള്‍ അരികു ചേര്‍ന്ന് താഴ്ചയിലായി. അപകടം പേടിച്ച് ഈ വീട് ഉപേക്ഷിച്ച് പുറകിലേക്കു മാറി വീടു കെട്ടേണ്ടി വന്നവരുമുണ്ട്. ഹൈവേ നിര്‍മാണ ഭാഗമായി പുതിയ കലുങ്കുകളുമുണ്ടാവും. ഇതിലൂടെ വരുന്ന വെള്ളമൊഴുക്കി വിടാന്‍ പുരയിടങ്ങളിലേക്ക് കാന നിര്‍മിക്കേണ്ടി വരും.
ഇങ്ങനെ ചെയ്തതു മൂലം വെള്ളപ്പാച്ചിലില്‍ കൃഷിയിടം നശിച്ചവരുണ്ട് പാലാ-പൊന്‍കുന്നം റോഡില്‍. നിലവില്‍ ഇടവഴികളുള്ളിടത്ത് കലുങ്കുകള്‍ നിര്‍മിക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം നഷ്ടം കര്‍ഷകര്‍ക്കുണ്ടാവുമായിരുന്നില്ല. പാലാ-പൊന്‍കുന്നം റോഡില്‍ ആദ്യം സര്‍വേ നടത്തി ഉറപ്പിച്ച കല്ലുകള്‍ പലതും സ്വാധീനമുള്ളവര്‍ മാറ്റി സ്ഥാപിച്ച ചരിത്രമുണ്ട്. ഇതു മൂലം പലയിടത്തും റോഡിലെ വളവുകള്‍ ശരിയായി നിവര്‍ന്നില്ല. രാഷ്ട്രീയ പിടിപാടുള്ളവര്‍ക്കായി കെഎസ്ടിപി അധികൃതരും കരാറുകാരും വിട്ടുവീഴ്ച ചെയ്‌തെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
അതോടെ റോഡിന്റെ അലൈന്‍മെന്റില്‍ പലയിടത്തും വ്യത്യാസം വന്നു. വളവുകള്‍ ചിലയിടങ്ങളില്‍ അതേപടി നിലനിന്നു. ഈ അവസ്ഥയും പൊന്‍കുന്നം-പുനലൂര്‍ റോഡിനുണ്ടാകരുതെന്നാണ് ആവശ്യമുയരുന്നത്.

RELATED STORIES

Share it
Top