പൊന്നില്‍തിളങ്ങാന്‍ ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ഗോള്‍ഡ് കോസ്റ്റ്: 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കം. നിലവിലെ കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ പ്രതീക്ഷയോടെതന്നെയാണ് ഇന്ത്യയും ഗോള്‍ഡ് കോസ്റ്റില്‍ ഇറങ്ങുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡലുകള്‍(852) സ്വന്തമാക്കിയ ആതിഥേയരായ ആസ്‌ത്രേലിയയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണിത്. 2010ല്‍ ആസ്‌ത്രേലിയയായിരുന്നു ചാംപ്യന്‍മാര്‍.
12 രാവും പകലും മല്‍സരബുദ്ധിയുടെ നാളുകള്‍ കൊണ്ട് ഗോള്‍ഡ് കോസ്റ്റിനെ ആവേശത്തിമിര്‍പ്പിലാക്കും. ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, ഹോക്കി, ലോണ്‍ ബോള്‍സ്,നെറ്റ്‌ബോള്‍(വനിതകള്‍ക്ക്),റഗ്ബി സെവന്‍സ്, സ്‌ക്വാഷ്, നീന്തല്‍, ഭാരോദ്വഹനം,സൈക്ലിങ്, ടേബിള്‍ ടെന്നിസ്, ബാസ്‌കറ്റ്‌ബോള്‍, ബീച്ച് വോളി, ബോക്‌സിങ്, ഡൈവിങ്, ജിംനാസ്റ്റിക്,ഷൂട്ടിങ്, ട്രയാത്ത്‌ലന്‍, പവര്‍ ലിഫ്റ്റിങ്, ഗുസ്തി തുടങ്ങി 23 ഇനങ്ങളാണ് ഇക്കുറി ഗോള്‍ഡ് കോസ്റ്റില്‍ അരങ്ങേറുക. ഇതില്‍ ആദ്യമായാണ് ട്രയാത്തലണ്‍ കോമണ്‍വെല്‍ത്തില്‍  ഒരു മല്‍സര ഇനമായി എത്തുന്നത്. 2014ല്‍ ഉണ്ടായിരുന്ന ജൂഡോയെ ഒഴിവാക്കി ബാസ്‌കറ്റ്‌ബോളിന്റെ തിരിച്ചുവരവിനും വനിതകളുടെ റഗ്ബി സെവന്‍സിന്റെയും ബീച്ച് വോളിബോളിന്റെയും അരങ്ങേറ്റ മല്‍സരത്തിനും ഗോള്‍ഡ് കോസ്റ്റ് സാക്ഷ്യം വഹിക്കും. കൂടാതെ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ ഇനങ്ങള്‍ ഒരുക്കിയുള്ള ആദ്യ മാമാങ്കമെന്ന പ്രത്യേകതയും ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്തിനൊപ്പം നില്‍ക്കുന്നു. നീല നിറത്തിലുള്ള ഒരു തരം ആസ്‌ത്രേലിയന്‍ മൃഗമായ ബൊറോബിയാണ് ഈ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം. പരമ്പരാഗതമായ അടയാളങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ചിഹ്നം നിര്‍മ്മിച്ചിരിക്കുന്നത്. ആസ്‌ത്രേലിയയിലെ ഒരു തരം ഇനം മൃഗത്തിന്റെ പ്രഥമ രൂപവുമാണിത്.
2014 ലെ ഗ്ലാസ്‌കോ

വോട്ടിങില്‍ നൈജീരിയയുടെ തലസ്ഥാനമായ അബുജയെ പിറകിലാക്കിയാണ് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌കോ 2014ല്‍ 20ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളിയത്. 215 താരങ്ങളുമായാണ് ഇന്ത്യന്‍ ടീം ഗ്ലാസ്‌കോയിലേക്ക് പുറപ്പെട്ടത്.  എന്നാല്‍ മെഡലുകളുടെ കാര്യത്തില്‍ ഇന്ത്യ പിറകില്‍ പോയി. 2010ല്‍ 101മെഡലുകളുമായി ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ ഇവിടെ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ആകെ 12 ദിവസങ്ങളിലായി നടന്ന മാമാങ്കത്തിനൊടുവില്‍ 2010ലെ കിരീടം ചൂടിയ ആസ്‌ത്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലണ്ട് കിരീടം ചൂടുകയായിരുന്നു. 58 സ്വര്‍ണമടക്കം 174 മെഡലുകള്‍ വാരിക്കൂട്ടിയാണ് ഇംഗ്ലണ്ട് അന്ന് കിരീടമണിഞ്ഞത്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ആസ്‌ത്രേലിയയ്ക്ക് 49 സ്വര്‍ണമുള്‍പ്പെടെ 137 മെഡലുകളായിരുന്നു. 32 സ്വര്‍ണത്തോടെ കാനഡ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 2010ല്‍ ഇംഗ്ലണ്ടിനെ ഒരു സ്വര്‍ണത്തിന്റെ ആധിപത്യത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്തിയ ഇന്ത്യ ഇവിടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവുമടക്കം 64 മെഡലുകളാണ് 2014ല്‍ ഇന്ത്യ നാട്ടിലെത്തിച്ചത.്

ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം വാനോളം

പ്രതീക്ഷകളുമായാണ് ഇന്ത്യ കോമണ്‍വെല്‍ത്തില്‍ സ്‌പൈക്കണിയുന്നത്. ഇന്ത്യക്ക് വേണ്ടി 16 ഇങ്ങളിലായിമികച്ച 222 താരങ്ങള്‍  ഗോള്‍ഡ്‌കോസ്റ്റിലെ മല്‍സരച്ചൂടിലേക്ക് കാലെടുത്തു വയ്‌ക്കൊനൊരുങ്ങുമ്പോള്‍ 2010ലെ രണ്ടാം സ്ഥാനമെന്ന എക്കാലത്തെയും നേട്ടത്തെ മറികടക്കാനാണ് ഇന്ത്യന്‍ പടയുടെ ശ്രമം. 2006ല്‍ 50ഉം 2010ല്‍ 101 ഉം 2014 ല്‍ 64 മെഡലുകളുമാണ് ഇന്ത്യ അക്കൗണ്ടിലാക്കിയത്. വ്യക്തിഗത ഇനത്തില്‍ ഷൂട്ടിങ്, ഭാരോദ്വഹനം,ഗുസ്തി, അത്‌ലറ്റിക്‌സ്, അമ്പെയ്ത്ത്, എന്നിവയിലാണ് ഇന്ത്യ കൂടുതലായി മെഡലുകള്‍ വാരിക്കൂട്ടിയത്. അതുകൊണ്ടുതന്നെ ഇത്തരം ഇനങ്ങളിലാണ് ഇന്ത്യ കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലറ്റിക്‌സില്‍ 28 താരങ്ങള്‍ ഗോള്‍ഡ് കോസ്റ്റില്‍ ഇറങ്ങുമ്പോള്‍ 27 പേരുമായാണ് ഷൂട്ടിങ് പട സ്വര്‍ണം വെടിവച്ചിടാന്‍ വണ്ടി കയറിയത്. ബാഡ്മിന്റണ്‍(10) ബോക്‌സിങ്(12) ഭാരോദ്വഹനം(16) ഗുസ്തി (12) എന്നിവയിലാണ് ഇന്ത്യ മികച്ച ടീമിനെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന് 13 താരങ്ങളാണ് ഗോള്‍ഡ് കോസ്റ്റില്‍ മല്‍സരിക്കുന്നത്.

RELATED STORIES

Share it
Top