പൊന്നാനി ഹാര്‍ബര്‍ വാര്‍ഫ് നിര്‍മാണം; ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും: മന്ത്രി

മലപ്പുറം: ഒരു വര്‍ഷത്തിനകം പൊന്നാനി ഹാര്‍ബറിലെ വാര്‍ഫിന്റെ പണി പൂര്‍ത്തികരിച്ച് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ നാടിന് സമര്‍പ്പിക്കുമെന്ന് ഫിഷറീസ് - ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവര്‍ക്കും മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും ധനസഹായം നല്‍കുമെന്നും ഇക്കാര്യത്തില്‍ ഗൗരവപരമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊന്നാനി മല്‍സ്യ ബന്ധന തുറമുഖത്തിലെ വിവിധ പദ്ധതികളും ഫിഷറീസ് സ്റ്റേഷനും.  4.2 കോടി രൂപ  ചെലവഴിച്ച് നിര്‍മിക്കുന്ന  തുറമുഖത്തിലെ പുതിയ വാര്‍ഫിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മല്‍സ്യ ഫെഡില്‍ നിന്ന് തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ  നല്‍കും. കേരളത്തില്‍ നിര്‍മിക്കുന്ന മൂന്ന് ഫിഷിങ് യാര്‍ഡുകളിലൊന്ന് പൊന്നാനിയില്‍ നിര്‍മിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന് അധികം വൈകാതെ തറക്കല്ലിടുമെന്നും മന്ത്രി പറഞ്ഞു.
മല്‍സ്യത്തിന് ന്യായവില നല്‍കി തൊഴിലാളികളെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വാണിജ്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന പൊന്നാനി തുറമുഖം ഇന്ന് മല്‍സ്യ ബന്ധനത്തിനൊപ്പം ടൂറിസത്തിനും കൂടിയാണ് പ്രാധാന്യം നല്‍കുന്നതെന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കടല്‍ത്തീരത്ത് നിന്ന് 50 മീറ്റര്‍ ദൂരത്തില്‍ താമസിക്കുന്നവര്‍ക്ക് 90 സെന്റില്‍ 80 വീടുകള്‍ ഉടന്‍ തന്നെ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും വീടുകള്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തും.  ടൂറിസം ഹബ്ബ് ആയി മാറുന്ന പൊന്നാനിയില്‍ ഹാര്‍ബ്ബറും മറ്റു പദ്ധതികളും നടപ്പിലാക്കുന്നത് സമഗ്രമായ പഠനത്തിന് ശേഷമാണെന്നും സ്പീക്കര്‍ പറഞ്ഞു. മൂന്നര കോടി രൂപ ചെലവഴിച്ച് പണി പൂര്‍ത്തികരിച്ച  78 ഫിഷ് സ്റ്റോറേജ് ഷെഡുകളുടെ താക്കോല്‍  കൈമാറ്റം, 1.87 കോടി വകയിരുത്തി നിര്‍മിക്കുന്ന അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനം, കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം ചെലവഴിച്ച്  സ്ഥാപിച്ച ഫീഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം എന്നിവയും  മന്ത്രി നിര്‍വഹിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ക്ക് ചികില്‍സാ ധനസഹായവും വിവാഹ ധനസഹായവും മന്ത്രി കൈമാറി.  പൊന്നാനി ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്  ചീഫ് എന്‍ജിനീയര്‍ പി കെ അനില്‍ കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ആറ്റുണ്ണി തങ്ങള്‍, ഉത്തരമേഖല ഹാര്‍ബര്‍ എന്‍ജിനീയറിങിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ് അനില്‍കുമാര്‍, കൂട്ടായി ബഷീര്‍, ഒ ഒ ഷംസു, വി കെ അനസ്, പി സൈഫു, കെ വി സുഗതകുമാരി സംസാരിച്ചു.

RELATED STORIES

Share it
Top