പൊന്നാനി പിടിക്കാന്‍ തന്ത്രങ്ങളുമായി ഇരു മുന്നണികളും

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി പിടിക്കാന്‍ എല്‍ഡിഎഫും നിലനിര്‍ത്താന്‍ യുഡിഎഫും അണിയറയില്‍ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നു.
നേരത്തേ ബനാത്‌വാല ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചുകൊണ്ടിരുന്ന പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മുസ്‌ലിംലീഗിലെ ഇ ടി മുഹമ്മദ് ബഷീര്‍ കോണ്‍ഗ്രസ്സില്‍ നിന്നു കൂടുമാറിയെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാനോട് ഏറ്റുമുട്ടി ജയിച്ചത് 25410 വോട്ടുകള്‍ക്കാണ്. ആഞ്ഞുപിടിച്ചാല്‍ പൊന്നാനി കൈപിടിയിലൊതുക്കാന്‍ കഴിയുമെന്ന് ഇടതുപക്ഷ മുന്നണി കണക്കുകൂട്ടുന്നു. അതിനു പറ്റിയ സ്വതന്ത്ര സ്ഥാനാര്‍ഥിയെ അവര്‍ അന്വേഷിക്കുന്നുമുണ്ട്. മന്ത്രി കെ ടി ജലീലിന്റെയും കഴിഞ്ഞ തവണ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തില്‍ പി കെ അബ്ദുറബ്ബിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിറപ്പിച്ച നിയാസ് പുളിക്കലകത്തിന്റെയും പേരുകളാണ് എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നത്. മലപ്പുറം ജില്ലക്കാരനായ പ്രമുഖ പ്രവാസി വ്യവസായിയുടെ പേരും പരിഗണനയിലുണ്ട്. എന്നാല്‍, പാര്‍ട്ടി ഇതുസംബന്ധമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന നേതാവ് തേജസിനോട് പറഞ്ഞത്.
മുസ്‌ലിംലീഗാവട്ടെ സ്ഥാനാര്‍ഥിയെ കുറിച്ച് ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല. കുഞ്ഞാലിക്കുട്ടി മാറിനില്‍ക്കുകയാണെങ്കില്‍ ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്ത് മല്‍സരിപ്പിക്കണമെന്നാണ് ലീഗിലെ പ്രബല വിഭാഗത്തിന്റെ ആഗ്രഹം. എന്നാല്‍, കുഞ്ഞാലിക്കുട്ടി തുടര്‍ന്നാല്‍ ഇ ടി മുഹമ്മദ് ബഷീര്‍ ഇത്തവണ രംഗത്തുണ്ടാവില്ലെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇ ടി മാറിനിന്നാല്‍ ആരെ നിര്‍ത്തണമെന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ ലീഗില്‍ സജീവമാണ്. എംഎല്‍എയായ അഡ്വ. എന്‍ ഷംസുദ്ദീന്‍, സിറാജ് അഹ്മദ് സേട്ട്, അബ്ദുസ്സമദ് സമദാനി എന്നിവരുടെ പേരുകളാണ് അടക്കം പറച്ചിലുകളിലുള്ളത്.
ചെറു പാര്‍ട്ടികളുടെ നിലപാടും പൊന്നാനിയിലെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. ബിജെപിയുടെ നാരായണന്‍ മാസ്റ്റര്‍ 75212 വോട്ടുകളും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ച വി ടി ഇക്‌റാമുല്‍ ഹഖ് 26640 വോട്ടുകളും നേടിയിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി അബുലൈസിന് 11034 വോട്ടുകളാണ് കിട്ടിയത്. ഇത്തവണ ഈ രണ്ടു പാര്‍ട്ടികളുടെയും നിലപാടുകള്‍ ഇരുമുന്നണികളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. പൊന്നാനിയില്‍ അട്ടിമറി വിജയം നേടാന്‍ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും ആവനാഴിയിലെ എല്ലാ അടവുകളും പയറ്റുമെന്നു തീര്‍ച്ചയാണ്.

RELATED STORIES

Share it
Top