പൊന്നാനി തീരത്ത് രണ്ട് കുടുംബങ്ങള്‍ വീടൊഴിഞ്ഞു

പൊന്നാനി: പൊന്നാനി ലൈറ്റ്ഹൗസ് പരിസരത്തെ രണ്ട് വീടുകള്‍ മണല്‍ വിഴുങ്ങുന്നു. കമ്മാലിക്കാനാകത്ത് നഫീസയുടെയും സുബൈറിന്റെയും വീടുകളാണ് മണല്‍ വിഴുങ്ങുന്നത്. ഇതോടെ ഈ രണ്ടു വീടുകളിലുമുള്ളവരെ വില്ലേജ് ഓഫിസര്‍ ബന്ധുവീടുകളിലേക്ക് മാറ്റി. ഓഖി ദുരന്തത്തിനുശേഷം ഈ ഭാഗത്തുള്ള കടല്‍ഭിത്തി തകര്‍ന്നതോടെയാണ് ഈ മേഖലയില്‍ മണല്‍ക്കൂനകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കടലാക്രമണത്തില്‍ വെള്ളം ഇരച്ചുകയറുന്നതോടൊപ്പം മണലും നിറഞ്ഞിരിക്കുകയാണ്.
വീടിനുള്ളിലേക്ക് കടക്കാനാവാത്ത വിധം മണല്‍ നിറഞ്ഞിരിക്കുകയാണിപ്പോള്‍. വീടിനുള്ളിലേക്ക് മണല്‍ കയറാതിരിക്കാന്‍ പല വിധത്തിലും തടസ്സങ്ങള്‍ വച്ചെങ്കിലും ഫലം കണ്ടില്ല. ഇവരുടെ കിണറിലും മണല്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കുടിക്കാന്‍പോലും വെള്ളമില്ല. പലപ്പോഴും വീടിനുള്ളിലേക്ക് കയറിയ മണല്‍ പുറത്തേക്ക് കളയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. നഫീസുവിന്റെ വീട്ടില്‍ 9 അംഗങ്ങളാണുള്ളത്.
സുബൈറിന്റെ വീട്ടില്‍ 6 പേരും. ഏറെ ദാരിദ്ര്യത്തില്‍ കഴിയുന്ന ഈ കുടുംബങ്ങള്‍ക്ക് വീടുകള്‍ മണല്‍ വിഴുങ്ങുന്നതുമൂലം ജീവിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്. ഈ ഭാഗത്ത് കടല്‍ഭിത്തി നിര്‍മിക്കുന്നതു മാത്രമാണ് ഏക പരിഹാരം.
ജനപ്രതിനിധികള്‍ ഓരോ തവണയും വാഗ്ദാനങ്ങള്‍ നല്‍കി പോവുമെന്നല്ലാതെ പരിഹാരങ്ങളൊന്നും യാഥാര്‍ഥ്യമാവുന്നില്ല. ഈ പ്രദേശത്ത് ആറോളം വീടുകള്‍ കടലാക്രമണത്തില്‍ വെള്ളം കയറി ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

RELATED STORIES

Share it
Top