പൊന്നാനി താലൂക്കില്‍ റദ്ദാക്കിയത് 200ലധികം ലൈസന്‍സുകള്‍

പൊന്നാനി: കഴിഞ്ഞ വര്‍ഷം പൊന്നാനി താലൂക്കില്‍ റദ്ദാക്കിയത് 200ലധികം ലൈസന്‍സുകളെന്ന് കണക്കുകള്‍. ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോ ണ്‍ ഉപയോഗം വര്‍ധിക്കുന്നതായും കണ്ടെത്തല്‍. വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനമോടിക്കുന്ന 200ലധികം ലൈസന്‍സുകളാണ് പൊന്നാനി റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിനു കീഴില്‍ 2017ല്‍ റദ്ദു ചെയ്തത്. ഇതില്‍ ഏറെയും, ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച കുറ്റത്തിനാണ്. കൂടാതെ മദ്യപിച്ച് വാഹനമോടിക്കുകയും, അമിതവേഗതയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ വരുത്തിവെക്കുകയും ചെയ്തവരുടെയും ലൈസന്‍സുകള്‍ റദ്ദു ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ പുതുവര്‍ഷത്തിലും കര്‍ശന നടപടികളിലേക്ക് നീങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വരും ദിവസങ്ങളില്‍ യൂണിഫോമിലും, മഫ്തിയിലും താലൂക്കിലെ വിവിധയിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും, പൊലീസിന്റെയും പരിശോധന ശക്തമാക്കാനാണ് തീരുമാനം.ഇതിനായി പൊന്നാനി ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് 24 മണിക്കൂര്‍ പരിശോധനക്കും രൂപം നല്‍കി. ഗതാഗത നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള സുരക്ഷിത യാത്ര എന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നത്. ലൈസന്‍സില്ലാത്തവരും 18 വയസ് പൂര്‍ത്തിയാവാത്തവരും വാഹനമോടിക്കുന്നത് നിയന്ത്രിക്കാനുമുള്ള നടപടികളും വകുപ്പ് കൈക്കൊള്ളും. ഹെല്‍മെറ്റ് ഉപയോഗിക്കാതെ വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നവരാണ് മരണപ്പെടുന്നതിലധികവുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേയും നിയമനടപടികള്‍ ശക്തമാക്കുമെന്ന് ജോയിന്റ് ആര്‍ടിഒ പി എ നസീര്‍ പറഞ്ഞു. ഗതാഗത നിയമങ്ങള്‍ ലംഘിച്ചുള്ള വാഹനമോടിക്കല്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

RELATED STORIES

Share it
Top