പൊന്നാനി കോള്‍മേഖല -മോട്ടോറുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാക്കും: മന്ത്രിപെരുമ്പടപ്പ്: കോള്‍ മേഖലയില്‍ മോട്ടോറുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാക്കുന്ന പദ്ധതിക്ക് പൊന്നാനി കോള്‍ മേഖലയില്‍ തുടക്കം കുറിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ആത്മ പ്ലസ് ട്രെയിനിങ് ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോള്‍ മേഖലയിലെ വൈദ്യുത ചെലവ് കുറയ്ക്കാനാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പൊന്നാനി കോള്‍ മേഖലയിലാണ് പദ്ധതി നടപ്പാക്കുക. റെയ്ഡ്‌കോയുടെ നേതൃത്വത്തില്‍ പൊന്നാനി കോള്‍മേഖലയില്‍ നാല് മോട്ടോര്‍ ഷെഡ്ഡുകള്‍ ഇത്തരത്തില്‍ സൗരോര്‍ജമാക്കും. ഇതിനുള്ള പ്രത്യേക സ്‌കീം തയ്യാറാക്കി കഴിഞ്ഞു. പദ്ധതിയുടെ പ്രസന്റേഷന്‍ അടുത്ത ആഴ്ച നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ചേമ്പറില്‍ നടക്കും. തുടര്‍ന്ന് അടുത്ത മാസത്തോടെ പൊന്നാനി കോള്‍ മേഖലയിലും, തൃശൂര്‍ ജില്ലയിലെ വെട്ടിക്കടവ് പാടശേഖരത്തും നാലു വീതം സൗരോര്‍ജ്ജ മോട്ടോറുകള്‍ സ്ഥാപിക്കും. കാര്‍ഷിക മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമാണിതെന്നും ഇത് മറ്റിടത്തേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് തലത്തില്‍ ആത്മ പ്ലസ് ട്രെയിനിങ് ഹാള്‍, വിള ആരോഗ്യ പരിപാലന പദ്ധതി ക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും അഗ്രോ സര്‍വീസ് സെന്റര്‍ പിക്അപ്പ് വാഹനത്തിന്റെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒഎന്‍വി സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ഇ സിന്ധു, ടി സത്യന്‍, ആയിഷ ഹസ്സന്‍, കുഞ്ഞുമോന്‍ പൊറാടത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ബക്കര്‍, കെ ചന്ദ്രന്‍, ഇ വി അബുട്ടി, അനിത ദിനേശന്‍, ശോഭന തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top