പൊന്നാനി കോളില്‍ കര്‍ഷകര്‍ ദുരിതത്തില്‍

പൊന്നാനി: നൂറടി തോട്ടില്‍ വെള്ളം വറ്റി തുടങ്ങിയതോടെ പൊന്നാനി കോളിലെ നെല്‍കൃഷി കര്‍ഷകര്‍ ദുരിതത്തില്‍. പന്ത്രണ്ട് കിലോമീറ്ററോളം ദൂരമുള്ള നൂറടി തോട്ടില്‍ ഒരു മീറ്ററോളം വെള്ളം താഴ്ന്നതോടെയാണ് കൃഷിയെ ബാധിക്കാന്‍ തുടങ്ങിയത്. നൂറടി തോടിന് പുറമെ നരണിപ്പുഴ, ബിയ്യം, എന്നിവിടങ്ങളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വെള്ളം താഴുന്ന സാഹചര്യത്തില്‍ നേരത്തെ തന്നെ തോട്ടില്‍ വെള്ളം പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ്.
പന്ത്രണ്ടായിരം ഏക്കറോളം വരുന്ന പൊന്നാനി കോളിലെ പുഞ്ച കൃഷിക്കുള്ള വെള്ളം നല്‍കുന്നത് നൂറടി തോടാണ്. തോടിന്റെ കരയിലുള്ള ജനങ്ങളുടെ പ്രധാന ജലസ്രോതസ്സും ഇതാണ്. കത്തുന്ന വെയിലില്‍ വെള്ളം മുഴുവനും വറ്റുന്ന സാഹചര്യത്തില്‍ ആയിരങ്ങളുടെ കുടിവെള്ളവും നിലയ്ക്കും.നൂറടി തോട്ടില്‍ വെള്ളം പുഞ്ചകൃഷി ആരംഭിച്ചതോടെതന്നെ ജലം  താഴുന്നത് ആദ്യമായാണെന്ന് പൊന്നാനി കോള്‍ സംരക്ഷണ സമിതി പറഞ്ഞു. പുഞ്ച കൃഷിക്കായി പാടങ്ങള്‍ വറ്റിക്കുന്ന വെള്ളം മുഴുവനും തോട്ടിലേക്കാണ് നിറയ്ക്കുന്നത്. വെള്ളം സംഭരിക്കുന്നതിനായി തോടിന്റെ സംരക്ഷണ ഭിത്തി മണ്ണിട്ട് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍.
സമഗ്രകോള്‍ വികസന പദ്ധതിയില്‍പ്പെടുത്തിയാണ് കോളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. വെള്ളം വറ്റിക്കുന്നതിനുള്ള പമ്പിങ്ങിന് കോളുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. എണ്ണായിരം ഏക്കറിലാണ് ഇത്തവണ നെല്‍കൃഷിയിറക്കിയിട്ടുള്ളത്. വേനല്‍ കനക്കും തോറും ഇനിയും ജലക്ഷാമം രൂക്ഷമാകും.

RELATED STORIES

Share it
Top