പൊന്നാനി കടലില്‍ പഴക്കമുള്ള രണ്ട്മൃതദേഹങ്ങള്‍ കണ്ടെത്തി

പൊന്നാനി: പൊന്നാനി കടലില്‍ നിന്നും ഓഖി ദുരന്തില്‍പെട്ട മല്‍സ്യത്തൊഴിലാളികളുടേതെന്നു കരുതുന്ന ദിവസങ്ങള്‍ പഴക്കമുള്ള അഴുകിയ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. പൊന്നാനി തീരത്തു നിന്നും പതിനൊന്ന് നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യ ബന്ധനത്തിനു പോയ തൊഴിലാളികളാണ് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് തീരദേശ പോലിസും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മൂന്ന് മണിയോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പത്തു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ മല്‍സ്യം കൊത്തിവലിച്ച് വികൃതമാക്കിയ നിലയിലായിരുന്നു.  പൊന്നാനി താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കടലില്‍ കാണാതായവര്‍. കണ്ടെടുത്ത മൃതദേഹങ്ങള്‍ ഇവരുടെതാവുമെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top