പൊന്നാനി ഇന്ന് മുതല്‍ ഗദ്ദികയുടെ താളത്തിലമരും

പൊന്നാനി: ഇന്ന്  മുതല്‍ പൊന്നാനിയില്‍ ഗദ്ദികയുടെ താളമുയരും. ഗദ്ദിക്കായുള്ള ഒരുക്കങ്ങള്‍ പൊന്നാനി എ വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍ത്തിയായി. കാടിന്റെ മക്കളുടെ പരമ്പരാഗതമായ രുചിക്കൂട്ടുകള്‍, വനവിഭവങ്ങള്‍, പൈതൃകമായി പകര്‍ന്ന് കിട്ടിയ വൈദ്യ ചികിത്സ എന്നിവ അനുഭവിച്ചറിയണമെങ്കില്‍ ഇനി പൊന്നാനി ഹൈസ്‌കൂള്‍ മൈതാനിയിലെത്തിയാല്‍ മതി. ഇന്ന്  മുതല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പും, കിര്‍ത്താഡ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗദ്ദിക 2018ല്‍ കാടിന്റെ മക്കളുടെ വിഭിന്നമായ കലാ, മികവുകള്‍ക്ക് തിരിതെളിയും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഗദ്ദികക്കായി വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചത്. സ്റ്റാളുകളുടെയും, മറ്റു പ്രദര്‍ശന നഗരിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി പട്ടികജാതി ചീഫ് പബ്ലിക് ഓഫിസര്‍ എസ് എന്‍ നന്ദകുമാര്‍ പറഞ്ഞു. ഗോത്ര വര്‍ഗ്ഗകലകളെയും, സംസ്‌കാരത്തെയും പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഗദ്ദികയ്ക്ക് 2007ലാണ് തുടക്കമായതെങ്കിലും ഗദ്ദിക നാടിന്റെ തന്നെ സാംസ്‌കാരിക മഹോത്സവമായി കൊണ്ടാടാനൊരുങ്ങുകയാണ് പൊന്നാനി. വന രുചിയും, പൈതൃക സംസ്‌കാരവും സമന്വയിക്കുന്ന ഗദ്ദിക കാടിന്റെ മക്കളുടെ സാംസ്‌ക്കാരിക പരിച്ഛേദമാവുമെന്ന് ഐസിഡിപി പ്രൊജക്ട് ഓഫീസര്‍ കെ കൃഷ്ണന്‍ സാമ്യപ്പെടുത്തുന്നു.രാവിലെ 10 മണിക്ക് ഘോഷയാത്രയോടെ ഗദ്ദികയ്ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ കെ ബാലന്‍, കെ ടി ജലീല്‍ സംബന്ധിക്കും.പൊന്നാനി എ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗദ്ദികയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍

RELATED STORIES

Share it
Top