പൊന്നാനി അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

പൊന്നാനി: അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് നാലു പേര്‍ അപകടത്തില്‍പ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തി. കാണാതായ ആള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊന്നാനി അഴിമുഖത്ത് അപകടമുണ്ടായത്. കൂട്ടായി സ്വദേശികളായ വളപ്പില്‍ കാസിം (45), പരീച്ചന്റെ പുരക്കല്‍ ഹംസ (51), പരപ്പനങ്ങാടിക്കാരന്റെ പുരക്കല്‍ സിറാജ് (29), ചക്കാച്ചിന്റെ പുരക്കല്‍ ഇബ്രാഹീംകുട്ടി (45) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കാസിം ഒഴികെ മറ്റു മൂന്നു പേരെയും രക്ഷപ്പെടുത്തിയെങ്കിലും കാസിമിനെ കണ്ടെത്താനായില്ല. രാവിലെ മല്‍സ്യബന്ധനത്തിനു പോയ റിസ്‌വാന പര്‍വീന്‍ എന്ന ഫൈബര്‍ വള്ളമാണ് മല്‍സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
പൊന്നാനി അഴിമുഖത്തിന് 20 മീറ്റര്‍ അകലെയായി ശക്തമായ തിരയില്‍പ്പെട്ട് വള്ളം ആടിയുലയുകയും വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും കടലില്‍ മുങ്ങുകയുമായിരുന്നു. ഇതേ സമയം തൊട്ടടുത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പിന്റെ ബോട്ടിലെത്തിയ ശിഹാബ്, കബീര്‍, സലീം, ജാഫര്‍, അന്‍സാര്‍ എന്നിവരും ചേര്‍ന്ന് മൂന്നു പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. എന്നാല്‍, ശക്തമായ തിരയില്‍ കാസിമിനെ കാണാതാവുകയായിരുന്നു.
കാസിമിനെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട തൊഴിലാളികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന ഫൈബര്‍ വള്ളം കെട്ടിവലിച്ച് കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കയര്‍ പൊട്ടി വള്ളം കടലില്‍ മുങ്ങിപ്പോയി.

RELATED STORIES

Share it
Top