പൊന്നാനിയില്‍ 16 വള്ളങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയി

പൊന്നാനി: നങ്കൂരമിട്ട 16ഓളം വള്ളങ്ങള്‍ ശക്തമായ ഒഴുക്കിലും കാറ്റിലുംപെട്ട് കടലിലേക്ക് ഒഴുകിപ്പോയി. എട്ടു വള്ളങ്ങള്‍ തകര്‍ന്നു. പടിഞ്ഞാറെക്കരയിലും പൊന്നാനിയിലും നങ്കൂരമിട്ടിരുന്ന മല്‍സ്യബന്ധന വള്ളങ്ങളാണ് കടല്‍ക്ഷോഭത്തില്‍പ്പെട്ടത്. കോടികളുടെ നഷ്ടമുണ്ടായതായി മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. എട്ടു വള്ളങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.
താനൂരിലെ മമ്പുറം സയ്യിദ്, വാദിസലാം, ചെങ്കൊടി, തഖ്‌വ, റജബ്, അജ്മീര്‍, നജാത്ത്, ബീരാന്‍ എന്നീ വള്ളങ്ങളാണ് പൂര്‍ണമായി തകര്‍ന്നത്. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വില വരുന്നതാണ് ഇവ. വല, യന്ത്രങ്ങള്‍, മറ്റു സാമഗ്രികള്‍ എന്നിവയും നഷ്ടമായി. പരസ്പരം കൂട്ടിയിടിച്ചും കടല്‍ഭിത്തികളില്‍ ഇടിച്ചുമാണ് വള്ളങ്ങള്‍ തകര്‍ന്നത്. ഏതാനും വള്ളങ്ങള്‍ ഫിഷറീസ് വകുപ്പ് അധികൃതരുടെ സഹായത്തോടെ മല്‍സ്യത്തൊഴിലാളികള്‍ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു.
താനൂര്‍ മേഖലയില്‍നിന്നുള്ള വള്ളങ്ങളാണ് പടിഞ്ഞാറെക്കരയില്‍ കെട്ടിയിട്ടിരുന്നത്. പൊന്നാനിയിലെ നാലു വള്ളവും നഷ്ടമായതില്‍പ്പെടുന്നു. എത്ര വള്ളങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന കണക്ക് കൃത്യമായി ലഭിച്ചിട്ടില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കടലാക്രമണത്തെ തുടര്‍ന്ന് ആഴ്ചകളായി ഈ പ്രദേശത്ത് തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോവാറില്ല. ഇരുപതിലേറെ തൊഴിലാളികള്‍ക്ക് പോകാവുന്ന വലിയതരം വള്ളങ്ങളാണ് നഷ്ടമായത്. പടിഞ്ഞാറെക്കര ജങ്കാര്‍ ജെട്ടിയിലും പൊന്നാനിപ്പുഴയുടെ തുടക്കഭാഗത്തുമായാണ് ഇവ കെട്ടിയിടാറുള്ളത്.
പൊന്നാനി തുറമുഖത്തിന്റെ ഭാഗമായി പുലിമുട്ട് നിര്‍മിച്ചതോടെയാണ് ഈ മേഖലയില്‍ തിരയടി ശക്തമായത്.

RELATED STORIES

Share it
Top