പൊന്നാനിയില്‍ സാംസ്‌കാരികോല്‍സവത്തിന് തുടക്കം

പൊന്നാനി: കലയുടെയും വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും ഏഴു സുന്ദരരാത്രികള്‍ക്ക് പൊന്നാനിയില്‍ തുടക്കമായി. സപ്തദിന സാംസ്‌കാരികോല്‍സവത്തിനാണ് പൊന്നാനിയില്‍ തുടക്കമായത്.
ഇനിയുള്ള ഏഴ് ദിനരാത്രങ്ങള്‍ പൊന്നാനി, സാഹിത്യ കലാ സദസുകള്‍ക്കായി കാതോര്‍ക്കും. പൊന്നാനിയുടെ ഗതകാലസാഹിത്യ പാരമ്പര്യത്തെ പുതിയ കാലത്തോട് ചേര്‍ത്തുവെക്കുന്ന പൊന്നാനി സാംസ്‌കാരികോത്സവത്തിനാണ് ഇന്നലെ തിരിതെളിഞ്ഞത്.
പൊന്നാനി എവി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തിലാണ്  സാംസ്‌ക്കാരികോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിയിട്ടുള്ളത്.
കടവനാട് കുട്ടികൃഷ്ണന്‍ പുസ്തകോല്‍സവം എവി ഹൈസ്‌കൂളിലും, ഇടശ്ശേരി  ഉറൂബ് സാഹിത്യക്യാംപ് നിളയോരത്തെ സിവില്‍ സര്‍വ്വീസ് അക്കാദമി കാംപസിലും നടക്കും. പുസ്തക സ്റ്റാളുകളിലെ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. സാംസ്‌കാരികോത്സവം ഇന്നലെ പൊന്നാനി എ വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രഫ എം എം നാരായണന്‍ രചിച്ച ‘നോവല്‍; സൗന്ദര്യവും, വൈരുദ്ധ്യവും എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും നടന്നു. നാല്‍പതിലധികം പ്രസാധകരുടെ ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങള്‍ സാംസ്‌കാരികോത്സവത്തിലുണ്ടാകും.
ബാബുരാജിന്റെ ചെറുമകള്‍ നിമിഷ സലിം ഒരുക്കിയ ഗസല്‍  ആദ്യ ദിനത്തിന് മിഴിവേകി. രണ്ടാം ദിനത്തില്‍ കാര്‍ഷിക കൂട്ടായ്മ, പരിസ്ഥിതി സംഗമം, ഫോക് ലോര്‍ അക്കാദമിയുടെ ഫോക് ഫ്യൂഷന്‍ എന്നിവ നടക്കും.
മൂന്നാം ദിനത്തിലെ നാടക ക്യാംപ് കവി പി പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഇടശ്ശേരി അവാര്‍ഡ് ദാനം, നാടക രാവ് തുടങ്ങിയവ അരങ്ങേറും. നാലാം ദിനത്തില്‍ ഭിന്നശേഷി സംഗമം, മ്യൂസിക് നൈറ്റ്, തുടങ്ങിയവ നടക്കും.
ചിത്രകലാ ക്യാംപോടെ അഞ്ചാം ദിനത്തിന് തുടക്കമാവും. തുടര്‍ന്ന് പാട്ടിന്റെ വഴികള്‍, സംഗീത നിശ  പരിപാടികളും നടക്കും. ആറാം ദിനത്തില്‍ സിനിമ സെമിനാര്‍, ചലച്ചിത്ര പ്രദര്‍ശനം എന്നിവയും, സമാപന ദിനത്തില്‍ മാധ്യമ പരിശീലന ക്യാംപ്, സമാപന സമ്മേളനം, മണല്‍വര, മെഹ്ഫില്‍ എന്നിവയും നടക്കും.

RELATED STORIES

Share it
Top