പൊന്നാനിയില്‍ വെള്ളക്കെട്ട്: ജനജീവിതം ദുസ്സഹം

പൊന്നാനി: രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് പൊന്നാനിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും താഴ്—ന്ന പ്രദേശങ്ങളിലേയ്ക്ക് വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ ജനജീവിതം ദുസ്സഹമായി. ഈഴുവത്തിരുത്തി, കുറ്റിക്കാട്, തൃക്കാവ്, പള്ളപ്രം, കടവനാട്, കൊല്ലന്‍പടി, വാരിയത്തുപടി, നായരങ്ങാടി, തെയ്യങ്ങാട്, കറുകത്തിരുത്തി, കല്ലിക്കട, പുഴമ്പ്രം, ചെറുവായക്കര പ്രദേശങ്ങളിലെല്ലാം വെള്ളം ഉയര്‍ന്നിട്ടുണ്ട്.
ഇവിടങ്ങളില്‍ പകര്‍ച്ചപ്പനിയും പടര്‍ന്നിട്ടുണ്ട്. മഴ കനത്തതോടെ തീരദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍പോലും കഴിയാതെ ഒട്ടേറെ കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നു. കടലോര പ്രദേശങ്ങളിലും നഗരഭാഗങ്ങളിലുമെല്ലാം മഴവെള്ളം കെട്ടിക്കിടക്കുകയാണ്. കൊല്ലന്‍പടി ഭാഗത്ത് കാക്കൊള്ളി മില്ലിന്റെ പിന്‍വശത്തെ കോണ്‍ക്രീറ്റ് റോഡ് വെള്ളത്തില്‍ മുങ്ങിയതിനാല്‍ കാല്‍നട യാത്രപോലും ദുസ്സഹമായിരിക്കുന്നു. ഈ ഭാഗത്തെ മുപ്പതോളം വീട്ടുകാര്‍ കടുത്ത ദുരിതം അനുഭവിക്കുകയാണ്.
കുണ്ടുകടവ് ഭാഗത്തും ഉള്‍പ്രദേശ റോഡുകള്‍ വെള്ളത്തിലാണ്. ഉറൂബ് നഗറിലേയ്ക്കു ചെന്നെത്തുന്ന റോഡുകള്‍, കടവനാട് ഭാഗം, ഈഴുവതിരുത്തി മേഖല തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡുകള്‍ മഴവെള്ളം കെട്ടിക്കിടന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നു. കടലോര മേഖലയില്‍ ഒട്ടേറെ വീടുകളും റോഡുകളും വെള്ളത്തിനടിയിലാണ്.
വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടിയില്ല.

RELATED STORIES

Share it
Top