പൊന്നാനിയില്‍ നോമ്പുതുറകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു

പൊന്നാനി: പരിശുദ്ധ റംസാനിലെ നോമ്പുതുറകള്‍ പ്ലാസ്റ്റിക് രഹിതമാക്കാന്‍ ഒരുങ്ങുകയാണ് പൊന്നാനി നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ 102 മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ യോഗം നഗരസഭയില്‍ വിളിച്ച് ചേര്‍ത്തു.
പള്ളികളിലെ നോമ്പ്തുറകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കി പ്ലാസ്റ്റിക് രഹിത ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കും. മാത്രമല്ല പള്ളികളിലെ പ്രബോധന പ്രസംഗങ്ങളില്‍ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനും തീരുമാനമായി. പരിസ്ഥിതിക്ക് ദോഷമാകുന്നവ പള്ളികളില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായി.
കഴിഞ്ഞ വര്‍ഷവും നഗരസഭ പരിധിയിലെ പള്ളികളിലെ  നോമ്പുതുറകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയിരുന്നു. പൊന്നാനി നഗരസഭയില്‍ വച്ച് നടന്ന യോഗം നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍, വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ ഒ ഷംസു, വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top