പൊന്നാനിയില്‍ നിന്നുള്ള കളരി സംഘം ഫ്രഞ്ച് നാടകവേദിയിലും

സ്വന്തം പ്രതിനിധി

പൊന്നാനി: പൊന്നാനിയിലെ പ്രശസ്തമായ വിപിഎസ് കളരിസംഘത്തില്‍ നിന്ന് ഒരുകൂട്ടം അഭ്യാസികള്‍ ഫ്രഞ്ച് നാടകവേദിയിലേക്ക്. സംഘത്തിലെ അഭ്യാസികളായ മിഥുന്‍ മുരളി, എം ആര്‍ ജവഹര്‍, പി എസ് ശ്രീജിത്ത്, എം പി സലീല്‍, വി എസ് രഞ്ജിത്ത്, ഐ എസ് സഞ്ജയ്, പെരിങ്ങാടന്‍ രവീന്ദ്രന്‍ എന്നിവരാണ് ട്രിപ്റ്റിക് കലാരൂപം അവതരിപ്പിക്കാന്‍ ഫ്രഞ്ച് നാടകവേദിയിലേക്കു പോവുന്നത്.
കേരളത്തിന്റെ തനത് കായികാഭ്യാസമായ കളരിപ്പയറ്റ് പ്രമേയമാക്കിയാണ് ട്രിപ്റ്റിക് എന്ന കലാസൃഷ്ടി ഒരുക്കിയിട്ടുള്ളത്. മെയ്‌വഴക്കം ആവശ്യമായ കളരിപ്പയറ്റിന് ഫ്രഞ്ച് നാടകവേദിയിലാണ് പുനരാവിഷ്‌കാരമൊരുങ്ങുന്നത്.
ലോകപ്രശസ്ത ഫ്രഞ്ച് അശ്വാരൂഢ നാടക തിയേറ്റര്‍ സിംഗാരോയുടെ സംവിധായകനും സൃഷ്ടികര്‍ത്താവുമായ ബ ര്‍ത്തബാസ് രണ്ടുപതിറ്റാണ്ടിനുശേഷം കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ ആധാരമാക്കി ചിട്ടപ്പെടുത്തിയ ട്രിപ്റ്റിക് എന്ന കലാസൃഷ്ടിയാണ് കേരളത്തിലെ കലാകാരന്‍മാരിലൂടെ ഫ്രഞ്ച് നാടകവേദിയിലേക്കെത്തിക്കുന്നത്.  ലോകപ്രസിദ്ധനായ റഷ്യന്‍ കംപോസര്‍ ഇഗോര്‍ സ്ലാവിന്‍സ്‌കിയുടെ റൈറ്റ് ഓഫ് സ്പ്രിങ് എന്ന കംപോസിഷന്‍ റേഡിയോ ദി ഫ്രാന്‍സാണ് ലൈവായി അരങ്ങിലെത്തിക്കുന്നത്.
എട്ട് കളരി അഭ്യാസികളും 200ഓളം സംഗീത കലാകാരന്‍മാരും പ്രത്യേക പരിശീലനം സിദ്ധിച്ച 20ഓളം കുതിരകളും അഭ്യാസികളും നാടകാവിഷ്‌കാരത്തില്‍ ഭാഗമാവും. ഇടപ്പുറത്ത് ശ്രീനിവാസഗുരുക്കളാണ് നാടകത്തിനു വേണ്ടി കളരിയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അഭ്യാസികളായ കലാകാരന്‍മാരെ വിപിഎസ് കളരിയില്‍ വച്ച് അനുമോദിച്ചു. വി പി ഷാജി, ഷൈജു ആശാന്‍, അരുണ്‍ അരവിന്ദ് സംസാരിച്ചു.

RELATED STORIES

Share it
Top