പൊന്നാനിയില്‍ ജൈവ അരിമേള സംഘടിപ്പിക്കുന്നു

പൊന്നാനി: കാര്‍ഷിക മേഖലയിലെ സമഗ്ര ക്ഷേമത്തിനായി പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടലിന് മാതൃക സൃഷ്ടിക്കുകയാണ് പൊന്നാനി നഗരസഭ. നഗരസഭയുടെ കാര്‍ഷിക പദ്ധതിയായ പൊന്നാര്യന്‍ കൊയ്യും ഉല്‍പ്പന്നമായ അരിയാണ് മേള നടത്തി വിറ്റഴിക്കുന്നത്. മാര്‍ച്ച് 3,4 തീയ്യതികളില്‍ ചമ്രവട്ടം ജംഗ്ഷനില്‍ വെച്ചാണ് അരിമേള സംഘടിപ്പിക്കുന്നത്. പൊന്നാര്യന്‍ പാടശേഖര സമിതികള്‍ വിളയിച്ച ഏഴായിരം കിലോ ജൈവ അരിയാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. പൊന്നാനി സര്‍വ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് നഗരസഭ മേള സംഘടിപ്പിക്കുന്നത്. ജൈവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നല്ല ഭക്ഷണം ഉറപ്പു വരുത്താന്‍ കൂടിയാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.    പുതിയ ഭരണസമിതി നിലവില്‍ വന്നതിന് ശേഷമാണ് പൊന്നാര്യന്‍ കൊയ്യും പൊന്നാനിക്ക് രൂപം നല്‍കിയത്. ഇതിലൂടെ ഏക്കര്‍ കണക്കിന് തരിശുനിലങ്ങളിലാണ് ജൈവകൃഷി നടത്താനായത്. നഗരസഭക്ക് കീഴില്‍ നിരവധി പാടശേഖരങ്ങള്‍ക്കു രൂപം കൊടുക്കാനും  ഈ പദ്ധതിക്കായി. നെല്‍ കര്‍ഷകര്‍ക്ക് കൊയ്ത്ത് കഴിഞ്ഞയുടന്‍ തന്നെ പണം കൊടുത്ത് നെല്ല് സംഭരിക്കുന്ന പദ്ധതിയും പൊന്നാനിയില്‍  തുടക്കമായിരുന്നു. പൊന്നാര്യന്‍ പാടശേഖര സമിതി, പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് എന്നിവരെ ഏകോപിപ്പിച്ചാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ സംഭരിച്ച നെല്ല് അരിയാക്കിയാണ് മേളയിലൂടെ  വിറ്റഴിക്കുന്നത്. ഇത് വഴി പൊന്നാനിയിലെ സാധാരണകാര്‍ക്ക് പൊന്നാനി ബ്രാന്റ് ജൈവ അരി കുറഞ്ഞ നിരക്കില്‍ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും.പൊന്നാനി നഗരസഭ ഓഫീസില്‍ വെച്ച് ചേര്‍ന്ന അരിമേള സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി രമാദേവി അധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റീന പ്രകാശ്, ഷീന സുദേശന്‍, കൗണ്‍സിലര്‍മാരായ ബാബുരാജ്, സേതുമാധവന്‍, കൃഷി ഓഫീസര്‍ രാധാകൃഷ്ണപിള്ള, പാടശേഖര സമിതി സെക്രട്ടറി രജീഷ് ഊപ്പാല, സര്‍വ്വീസ് സഹകരണ പ്രസിഡന്റ് ടി പി ഉമ്മര്‍, ഡോ. സിജിന്‍, കര്‍ഷക കമലാ മേനോന്‍, ചൈത്രം ഉണ്ണി, കൃഷി ഭവന്‍ ഉദ്യോഗസ്ഥരായ വിജയശ്രീ, ജാസ്മിയ എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top