പൊന്നാനിയില്‍ കടല്‍ പ്രക്ഷുബ്ധം; കടലേറ്റ ഭീതിയില്‍ തീരം

പൊന്നാനി: പൊന്നാനിയില്‍ കടലേറ്റത്തിനറുതിയായില്ല. വേലിയേറ്റ സമയങ്ങളില്‍ കടല്‍ കയറുന്നതില്‍ ഭീതിയിലായിരിക്കുകയാണ് തീരദേശവാസികള്‍. ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ കടലേറ്റത്തിന് പൊന്നാനി ലൈറ്റ്ഹൗസ് പരിസരത്തെ നാലു കുടുംബങ്ങള്‍ ഇരയായിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പ് ആരംഭിച്ച കടലേറ്റം വേലിയേറ്റ സമയങ്ങളില്‍ രൂക്ഷമാവുന്നതാണ് ഈ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത്. പൊന്നാനി ൈലറ്റ്ഹൗസ് പരിസരത്ത് വേലിയേറ്റ സമയത്തുണ്ടായ കടലാക്രമണത്തില്‍ നാലു വീടുകളിലേക്കാണ് വെള്ളം കയറി കൊണ്ടിരിക്കുന്നത്. ലൈറ്റ്ഹൗസിന് സമീപം താമസിക്കുന്ന താഴത്തേല്‍ നഫീസ, കോയാലിക്കാനകത്ത് സുബൈര്‍, കമ്മാലിക്കാനകത്ത് നബീസു, ബപ്പങ്ങാനകത്ത് അസൈനാര്‍ എന്നിവരുടെ വീടുകളിലേക്കാണ് കടല്‍വെള്ളം രാത്രിയിലും, രാവിലെയുമായി ഇരച്ചു കയറുന്നത്. ഇതുമൂലം രാത്രിയില്‍ ഈ കുടുംബങ്ങളിലുള്ളവര്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കടല്‍ ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായത്.
കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ഈ ഭാഗങ്ങളില്‍ നിര്‍മിച്ച മണല്‍ക്കൂനകള്‍ തിരമാലയുടെ ശക്തിയില്‍ ഒലിച്ചു പോയിരുന്നു. ഇപ്പോള്‍ മണല്‍കുന തകര്‍ന്ന ഇടങ്ങളിലൂടെയാണ് വെള്ളം വീടുകള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
പൊന്നാനിയിലെ മറ്റിടങ്ങളിലെല്ലാം കടല്‍ ശാന്തമാണെങ്കിലും, ലൈറ്റ്ഹൗസ് പരിസരത്ത് മാത്രമാണ് ശക്തമായ തിരമാലകള്‍ രൂപപ്പെട്ട് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നത്. കടല്‍ഭിത്തിയില്ലാത്തയിടങ്ങളിലാണ് കടലേറ്റം രൂക്ഷമാവുന്നത്. ലൈറ്റ് ഹൗസിന് തൊട്ടടുത്ത് തന്നെയുള്ള കരിങ്കല്ലുകള്‍ കടലാക്രമണ ഭീഷണി നേരിടുന്ന ഭാഗങ്ങളില്‍ ഇടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

RELATED STORIES

Share it
Top