പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം: തീരം ഭീതിയില്‍

പൊന്നാനി: പൊന്നാനിയില്‍ ന്യൂനമര്‍ദ്ദനത്തിന് മുന്നോടിയായി കടലാക്രമണം. പൊന്നാനി ലൈറ്റ് ഹൗസിന് സമീപം നാല് വീടുകളിലേക്ക് വെള്ളം കയറി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായത്.രാവിലെ ഏഴു മണിയോടെയാണ് പൊന്നാനിയില്‍ കടല്‍ പ്രക്ഷുബ്ദമായത്.പൊന്നാനി ലൈറ്റ് ഹൗസ് പരിസരത്ത് വേലിയേറ്റ സമയത്തുണ്ടായ കടലാക്രമണത്തില്‍ നാലു വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന താഴത്തേല്‍ നഫീസ, കോയാലിക്കാ നകത്ത് സുബൈര്‍, കാലിക്കാനകത്ത് നബീസു, ബപ്പങ്ങാനകത്ത് അസൈനാര്‍ എന്നിവരുടെ വീടുകളിലേക്കാണ് കടല്‍വെള്ളം ഇരച്ചു കയറിയത്. ന്യൂനമര്‍ദ്ദം ശക്തമാവുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബോട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ കരക്കടുപ്പിച്ചിരുന്നു. ഇതിനിടെയാണ് കടലാക്രമണവും ഉണ്ടായത്. ഇതോടെ തീരപ്രദേശത്തുള്ളവര്‍ ഭീതിയിലാണ്. കഴിഞ്ഞ കടലാക്രമണ സമയത്തും, ഈ മേഖലകളില്‍ കടലേറ്റം രൂക്ഷമായിരുന്നു. കടല്‍ ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായത്.
ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചാല്‍ ഈ മേഖലയിലുള്ളവര്‍ കൂടുതല്‍ പ്രയാസത്തിലാവും. ഇതോടെ ഇവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ, കടലാക്രമണത്തെ പ്രതിരോധിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ പറമ്പില്‍ അത്തീഖിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മണല്‍കൂനയും നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷെ മണല്‍കൂനയെയും ഭേദിച്ച് തിര വീടുകളിലേക്ക് അടിച്ചുകയറുകയാണ്.

RELATED STORIES

Share it
Top