പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം10 ഏക്കറിലധികം തീരം കടലെടുത്തു

പൊന്നാനി: വര്‍ഷങ്ങളായുള്ള കടലാക്രമണം മൂലം പൊന്നാനി മുതല്‍ ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് വരെയുള്ള തീരത്ത് നഷ്ടപ്പെട്ടത് 10 ഏക്കറിലധികം തീരഭൂമി. ഓരോ വര്‍ഷവും ഇവിടത്തെ 600 മീറ്ററോളം നീളംവരുന്ന തീരമാണ് കടലെടുക്കുന്നത്. പലര്‍ക്കും രേഖകളില്‍ ഭൂമി ഉണ്ടെങ്കിലും ഇപ്പോള്‍ ഇവിടെ കടലാണ്. പാലപ്പെട്ടി അജ്മീര്‍ നഗര്‍, ലൈറ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിലാണ് കൂടുതല്‍ കര നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
കടല്‍ഭിത്തി തീരെയില്ലാത്ത തീരമാണ് അജ്മീര്‍ നഗര്‍. നേരം ഇരുട്ടി വെളുക്കുമ്പോഴേയ്്ക്ക് ജീവിത സമ്പാദ്യം മുഴുവന്‍ കടല്‍ കവര്‍ന്നെടുക്കുന്ന സ്ഥിതി കാലങ്ങളായി നേരിടുന്നവരാണ് തീരദേശ വാസികള്‍. വര്‍ഷത്തിന്റെ പകുതിയും ദുരിതം നേരിടേണ്ടവരായി ഇവര്‍ മാറ്റപ്പെട്ടിട്ടും ശാശ്വത പരിഹാരമാര്‍ഗങ്ങള്‍ തീരത്തേയ്്ക്ക് കടല്‍ കടന്നെത്തുന്നില്ല. തിരമാലകളില്‍നിന്ന് തീരത്തെ സംക്ഷിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കപ്പെടാതിരുന്നതാണ് മുഴുവന്‍ കഷ്ടതകള്‍ക്കും വഴിവച്ചത്. മഴ തുടങ്ങി അവസാനിക്കുന്നതുവരെ കടലാക്രമണത്തിന്റെ രൂക്ഷത അനുഭവിക്കേണ്ടി വരുന്നതിനാല്‍ ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്. കടലോരത്തെ ഇപ്പോഴത്തെ താമസക്കാര്‍ കണ്ണെത്താദൂരത്ത് കടല്‍ ഉണ്ടായിരുന്നപ്പോള്‍ വീടുവച്ചവരായിരുന്നു. ഓരോ വര്‍ഷവും മുന്നിലെ വീടുകള്‍ കടലെടുത്ത് തൊട്ടടുത്ത ഊഴക്കാരനായി എത്തിയതാണ് ഇപ്പോഴത്തെ ദുരിത ബാധിതര്‍. ഇതിനിയും തുടരുമെന്നതിനാല്‍ ഭവനരഹിതരാവാന്‍ കാത്തിരിക്കുകയാണ് തൊട്ടുപിന്നിലെ ഓരോ വീടുകളും. ഓരോ വര്‍ഷവും ഏക്കര്‍ കണക്കിന് തീരം കടലെടുക്കുമ്പോള്‍ തകര്‍ന്നടിയുന്നത് തീരത്തിന്റെ ജീവിത സമ്പാദ്യം കൂടിയാണ്. സ്വന്തമായുള്ള ഭൂമിയും വീടും കടലിന്റെ ഭാഗമായി മാറിയതോടെ തെരുവിലിറക്കപ്പെട്ട കുടുംബങ്ങള്‍ കുറച്ചല്ല. കടലില്‍ കല്ലിടുന്ന ഏര്‍പ്പാടാണ് കടല്‍ഭിത്തി നിര്‍മാണത്തിന്റെ പേരില്‍ നടന്നുവരുന്നത്. കാലവര്‍ഷം കടലാക്രമണ ദുരിതത്തിന്റേതാവുമെന്ന ഉറച്ച ബോധ്യമായുണ്ടായിട്ടും തീരത്ത് യാതൊരു മുന്‍കരുതലും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്നത് അവഗണനയുടെ ഭീകരമുഖമാണ് പ്രകടമാക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 10 ഏക്കറിലധികം തീരമാണ് കടലെടുത്തതെന്ന് റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കടലാക്രമണത്തില്‍ എട്ടരക്കോടിയുടെ നാശനഷ്ടം ഉണ്ടായപ്പോള്‍ ദുരിതബാധിതര്‍ക്ക്  വിതരണം ചെയ്തത് 47 ലക്ഷം രൂപ മാത്രമാണ്.

RELATED STORIES

Share it
Top