പൊന്നാനിയില്‍ അരിമേള നാളെമുതല്‍

പൊന്നാനി: പൊന്നാനി നഗരസഭയുടെ കാര്‍ഷിക പദ്ധതിയായ പൊന്നാര്യന്‍ കൊയ്യും പൊന്നാനിയുടെ ഉല്‍പ്പന്നമായ അരി മേള നടത്തി വിറ്റഴിക്കുന്നു. മാര്‍ച്ച് 3,4 തീയ്യതികളില്‍ ചമ്രവട്ടം ജംഗ്ഷനില്‍ വെച്ചാണ് അരിമേള സംഘടിപ്പിക്കുന്നത്. പൊന്നാര്യന്‍ പാടശേഖര സമിതികള്‍ വിളയിച്ച ഏഴായിരം കിലോ ജൈവ അരിയാണ് മേളയിലൂടെ വിറ്റഴിക്കുക.
പൊന്നാനി സര്‍വ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് നഗരസഭ മേള സംഘടിപ്പിക്കുന്നത്. പൊന്നാര്യന്‍ കൊയ്യും പൊന്നാനിയിലൂടെ 93ഏക്കര്‍ തരിശുനിലത്താണ് ജൈവകൃഷി നടത്താനായത്. നഗരസഭക്ക് കീഴില്‍ നിരവധി പാടശേഖരങ്ങള്‍ക്കു രൂപം കൊടുക്കാനും ഈ പദ്ധതിക്കായി.നെല്‍കര്‍ഷകര്‍ക്ക് കൊയ്ത്ത് കഴിഞ്ഞയുടന്‍ തന്നെ പണം കൊടുത്ത് നെല്ല് സംഭരിക്കുന്ന പദ്ധതിക്കും പൊന്നാനിയില്‍ തുടക്കമായിരുന്നു.
പൊന്നാര്യന്‍ പാടശേഖര സമിതി, പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് എന്നിവരെ ഏകോപിപ്പിച്ചാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ സംഭരിച്ച നെല്ല് അരിയാക്കിയാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. പുഴുങ്ങല്‍, ഉണക്കല്‍ അരികളാണ് വിപണനമേളയിലുണ്ടാവുക. അരിമേളയോടൊപ്പം അവില്‍, പുട്ടുപൊടി, പത്തിരിപ്പൊടി, തവിട്ട് പായസം എന്നിവയും വില്പനക്കുണ്ടാകും.58 രൂപയാണ് ഒരു കിലോ അരിയുടെ വില. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അരിമേള ഉദ്ഘാടനം ചെയ്യും. അരിമേളയോടനുബന്ധിച്ച് നെല്‍കൃഷിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലാസ് നടക്കും. കര്‍ഷക തൊഴിലാളി സംഗമം, കൃഷിപ്പാട്ട്, ചവിട്ടു കളി, പഴയ കാല കര്‍ഷകത്തൊഴിലാളികളെ ആദരിക്കല്‍ എന്നിവയും നടക്കും.

RELATED STORIES

Share it
Top