പൊന്നാനിയിലെ വികസനപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍മാറിയിട്ടില്ലെന്ന് ഡിഎംആര്‍സി

പൊന്നാനി: പൊന്നാനിയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് ഡിഎംആര്‍സി. നഗരസഭയുടെ പദ്ധതികളില്‍ തുടര്‍ന്നും സഹകരിക്കുമെന്നും ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാറിന്റെ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറിയതിന് പിറകെ പൊന്നാനി നഗരസഭയുടെ പദ്ധതികളില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറുന്നുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.
പൊന്നാനി നഗരസഭയിലെ നിരവധി പദ്ധതികളുടെ ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കി നല്‍കിയത് ഡിഎംആര്‍സിയാണ്. നിലവിലെ ഭരണസമിതിക്കു മുമ്പുതന്നെ പൊന്നാനിയുടെ വിവിധ പദ്ധതികള്‍ക്ക് ഡിഎംആര്‍സിയുടെ സേവനം ലഭ്യമാണ്. പൊന്നാനി താലൂക്കാശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തൃക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിനുള്ള ഡിപി ആര്‍, ഫിഷര്‍മെന്‍ കോളനിയുടെ നവീകരണത്തിനുള്ള ഡി പിആര്‍, എംഎസ്ഡിപി പദ്ധതിയുടെ ഭാഗമായുള്ള റിപോര്‍ട്ട്, തെരുവ് വിളക്ക് നവീകരണത്തിനായുള്ള ഡിപിആര്‍ എന്നിവ യഥാസമയം നഗരസഭക്ക് ഡിഎംആര്‍സി നല്‍കി കഴിഞ്ഞതായും മെട്രോമാന്‍ ഇ ശ്രീധരന്റെ ഓഫിസ് അറിയിച്ചു.
കോഴിക്കോട്ടെ ഡിഎംആര്‍സിയുടെ ഓഫിസ് അടക്കുന്നതോടെ എന്‍ജിനീയര്‍മാരുടെ സേവനം ലഭ്യമാവാനുള്ള പ്രയാസം മാത്രമാണ് ഉണ്ടാവുകയെന്നും, എങ്കിലും ഇ ശ്രീധരന്റെ നാടായ പൊന്നാനിയുടെ വികസനത്തിന് എപ്പോഴും ഡിഎംആര്‍സിയുടെ പിന്തുണ ഉണ്ടാവുമെന്നും ഓഫിസ് വൃത്തം അറിയിച്ചു.
പൊന്നാനിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറുന്നുവെന്ന പര്‍വ്വതീകരിച്ച തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഭൂഷണമല്ലെന്ന് പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞിയും പറഞ്ഞു.

RELATED STORIES

Share it
Top