പൊന്നാനിയിലെ ചൈനീസ് ചായ ബിബിസിയില്‍

പൊന്നാനി: പൊന്നാനിയിലെ ചൈനീസ് ചായ ലോകം മുഴുവന്‍ പ്രചരിപ്പിച്ച് ബിബിസി റിപോര്‍ട്ടര്‍. 40 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഇതിന്റെ വീഡിയോ ബിബിസി ഗ്ലോബല്‍ ജെന്‍ഡര്‍ ആന്റ് ഐഡന്റിറ്റി കറസ്‌പോണ്ടന്റായ മേഘ മോഹനാണ് പങ്കുവച്ചത്. ചുരുക്കം ദിവസങ്ങള്‍ക്കകം ഈ ചായയടി കണ്ടത് 1.26 മില്യണിലധികം ആളുകളാണ്.
പൊന്നാനിയിലെ ചൈനീസ് ചായ ഒരാള്‍ യൂട്യൂബില്‍ പോസ്റ്റിട്ടതോടെയാണ് ആളുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് പത്രങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വന്നു. ഇതോടെ പൊന്നാനിയിലെ ചൈനീസ് ചായ കേരളത്തിന്റെ സ്വന്തം ചായയായി മാറി.
പിന്നീട് ഒരു മലയാള ചാനല്‍ കൂടി വാര്‍ത്ത നല്‍കിയതോടെ ചായക്കടയില്‍ തിരക്ക് വര്‍ധിച്ചു. പൊന്നാനി അങ്ങാടി പാലത്തിനടുത്ത് ദി ചപ്പാത്തി ഫാക്ടറിയിലാണ് ഹുസൈന്റെ ചൈനീസ് ചായയുള്ളത്. ചായക്ക് ചൈനയുമായി ബന്ധമൊന്നുമില്ലെങ്കിലും ഗ്ലാസിലെ ചായയുടെ കൂട്ടും അതിന്റെ മിശ്രണവുമാണ് വ്യത്യസ്തമാക്കുന്നത്. ചായപ്പൊടിയുടെ സത്ത്, പാല്‍, പാലിന്റെ പത എന്നിവ മൂന്നു തട്ടുകളായി പരസ്പരം കൂടിച്ചേരാതെയാണ് ചായ ഗ്ലാസില്‍ തയ്യാറാക്കുക. നിശ്ചിത താപനിലയില്‍ ചൂടാക്കിയെടുക്കുന്നതിനാലാണ് മൂന്നു ദ്രാവകവും കൂടിച്ചേരാതെ ഗ്ലാസില്‍ നില്‍ക്കുന്നത്.
ആവശ്യക്കാര്‍ക്കു മുന്നില്‍ മൂന്നു തട്ടുകളായെത്തുന്ന ചായ ഹുസൈന്‍ രണ്ടു വിരലുകളില്‍ ഗ്ലാസെടുത്ത് പ്രത്യേക കോണില്‍ അതിവേഗം വീശുന്നതോടെ ചായപ്പൊടിയും പാലും പതയും കൂടിച്ചേര്‍ന്ന് ഒന്നാംതരം ചായയായി മാറും. ഇതാണ് പൊന്നാനിക്കാരുടെ പ്രിയപ്പെട്ട ചൈനീസ് ചായ.
സാധാരണ ഉപയോഗിക്കുന്ന പാലും ചായപ്പൊടിയും തന്നെയാണ് ചൈനീസ് ചായക്കും ഉപയോഗിക്കുന്നതെങ്കിലും ഇത് കുടിക്കാനെത്തുന്നവര്‍ക്ക് കുറച്ചധികം നേരം കാത്തിരിക്കണം. ചായപ്പൊടി ലായനിയും പാലും നന്നായി ചൂടായി വരാന്‍ സമയമെടുക്കുന്നതിനാലാണിത്. ധൃതിയുള്ളവര്‍ക്ക് സാധാരണ ചായ കുടിച്ചു പോകാം. ചൈനീസ് ചായക്ക് 10 രൂപയാണ് വില.
സേലം സ്വദേശിയായ ഹുസൈന്‍ പൊന്നാനിയില്‍ താമസക്കാരനാണ്. ചായ ഉണ്ടാക്കുന്ന ജോലി കാലങ്ങളായി ചെയ്തുവരുന്നു. ചായ ഉണ്ടാക്കുന്നതില്‍ പല പരീക്ഷണങ്ങളും ഹുസൈന്‍ തുടരുകയാണ്.
സ്വന്തം നാട്ടിലെ ഒരു ചായക്കടയും അവിടത്തെ ചായയടിയും ലോകം മുഴുവന്‍ പ്രചരിച്ചതിന്റെ സന്തോഷത്തിലാണ് പൊന്നാനിക്കാര്‍. ഒപ്പം ദി ചപ്പാത്തി ഫാക്ടറി എന്ന ഹോട്ടലിന്റെ എല്ലാമായ ഹുസൈനും.

RELATED STORIES

Share it
Top