പൊന്നങ്കര ചെക്ഡാം അധികൃതരുടെ നിസ്സംഗത കര്‍ഷകരെ ദുരിതത്തിലാക്കി

കേണിച്ചിറ: ജില്ലയിലെ ആദ്യത്തെ ബേബി ഡാമായ പൊന്നങ്കര അണ തകര്‍ച്ചയുടെ വക്കില്‍. 60 വര്‍ഷം മുന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ബേബി ഡാം നെല്‍കര്‍ഷകര്‍ക്ക് ഉപകരിക്കുന്നില്ല. അണയിലെ വെള്ളം കൃഷിക്കു പ്രയോജനപ്പെടുത്താനാവാതെ കൃഷിക്കാര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിസ്സംഗത തുടരുകയാണെന്ന് അധികൃതര്‍.
പൂതാടി പഞ്ചായത്തിലെ ചെമ്പകപ്പറ്റ, പൊന്നങ്കര, വരദുര്‍, ചെറുകുന്ന്, കാവടം പ്രദേശങ്ങളിലെ ഏകദേശം 500 ഹെക്റ്റര്‍ നെല്‍വയലില്‍ ജലസേചനത്തിന് നിര്‍മിച്ചതാണ് ബേബി ഡാം. 2008ന് ശേഷം ഇറിഗേഷന്‍ വകുപ്പ് അണയില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഡാമിന്റെ ചീര്‍പ്പുകള്‍ നശിച്ചു. ഒരു വാല്‍വിന്റെ ഇരുമ്പ് ഷട്ടര്‍ തുരുമ്പെടുത്ത് തുറക്കാനും അടയ്ക്കാനും കഴിയാത്ത അവസ്ഥയാണ്. പൊന്നങ്കര പുഴയ്ക്കു കുറുകെ പണിത ഡാം മണലൂറ്റുകാര്‍ക്കു മാത്രമാണ് ഇപ്പോള്‍ പ്രയോജനപ്പെടുന്നത്. ഡാമില്‍നിന്നു വന്‍തോതിലാണ് മണല്‍ കടത്തുന്നത്.
അരികുകള്‍ കെട്ടി സംരക്ഷിച്ച് പുതിയ ചീര്‍പ്പ് സ്ഥാപിച്ചാല്‍ വരുന്ന പുഞ്ചകൃഷിക്കു അണയിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയും. അറ്റകുറ്റപ്പണി നടത്തി അണ ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമില്ലെന്നു വാര്‍ഡ് അംഗം വി ആര്‍ പുഷ്പന്‍ പറഞ്ഞു. ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അടിയന്തര നടപടിയുണ്ടാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

RELATED STORIES

Share it
Top