പൊന്തന്‍പുഴ വനവും ഭൂമാഫിയക്ക്

ജോണ്‍ പെരുവന്താനം

ഇന്ത്യയിലെ വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക വഴിത്തിരിവായ വിഖ്യാതമായ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിലാണ് സുപ്രിംകോടതി ഓരോ സംസ്ഥാനത്തോടും അവരവരുടെ  ആകെ വനവിസ്തൃതിയും അത് എവിടെയൊക്കെ സ്ഥിതി ചെയ്യുന്നുവെന്ന വിവരവും  റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. അതനുസരിച്ച് കേരളത്തില്‍ വള്ളിയില്‍ ഗോപിനാഥ് ചെയര്‍മാനായി രൂപീകരിക്കപ്പെട്ട കമ്മീഷന്‍ 341 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഇടുക്കി ജില്ലയിലെ ഏലമലക്കാടുകള്‍ ഉള്‍പ്പെടെ വനഭൂമിയാണെന്ന് കോടതിക്ക് റിപോര്‍ട്ട് നല്‍കുകയുണ്ടായി.
പൊന്തന്‍പുഴ വനമേഖല സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ വിജ്ഞാപനങ്ങളില്‍ പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ്. 1905ലെ വിജ്ഞാപനപ്രകാരമുള്ള റാന്നി വനം ഡിവിഷനിലെ വലിയകാവ് റിസര്‍വിന്റെയും (1400 ഏക്കര്‍) 1907ലെ വിജ്ഞാപനപ്രകാരമുള്ള കോട്ടയം ഡിവിഷനിലെ ആലപ്ര റിസര്‍വിന്റെയും (2000 ഏക്കര്‍) 1917ലെ വിജ്ഞാപനപ്രകാരമുള്ള കരിക്കാട്ടൂര്‍ റിസര്‍വിന്റെയും (2520 ഏക്കര്‍) എരുമേലി റിസര്‍വിന്റെയും വനമേഖലകള്‍ ചേര്‍ന്ന പ്രദേശമാണ് പൊന്തന്‍പുഴ വനമായി അറിയപ്പെടുന്നത്. മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് 928, 942, 948, 972 എന്നീ മലയാള വര്‍ഷങ്ങളില്‍ നീട്ടുകള്‍ (റോയല്‍ ഗ്രാന്റ്‌സ്) വഴി പത്തനംതിട്ട ജില്ലയില്‍ മല്ലപ്പിള്ളി താലൂക്കില്‍ എഴുമറ്റൂരിലെ നെയ്തല്ലൂര്‍ കോവിലകത്തിന് ഉടമസ്ഥാവകാശം കൈമാറിയതായും തുടര്‍ന്ന് കോവിലകത്തെ കാരണവരില്‍ നിന്നു തങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ റിസര്‍വുകളുടെ ഉടമസ്ഥാവകാശം ലഭിച്ചിട്ടുണ്ടെന്നുമാണ് ഇതിന്‍മേല്‍ അവകാശം ഉന്നയിക്കുന്ന തേര്‍ച്ചക്കാര്‍ (ക്ലൈമെന്റ്‌സ്) അവകാശപ്പെട്ടത്. ഇവര്‍ കേരളാ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട ഭൂസ്വാമിമാരും സിപിഐയിലെ കൈയേറ്റ ലോബിയുടെ വക്താക്കളുമാണ്.
ഭൂമാഫിയക്കും അഴിമതിക്കാര്‍ക്കും മുന്‍ ഉമ്മന്‍ചാണ്ടി ഭരണത്തേക്കാള്‍ പ്രിയങ്കരമായി പിണറായി ഭരണം മാറിക്കൊണ്ടിരിക്കുന്നതിന്റെ മറ്റൊരു തെളിവായി സംസ്ഥാനത്തെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയായ പൊന്തന്‍പുഴ വനം ഭൂമാഫിയ പിടിയിലാക്കിയിരിക്കുന്നു. തൊട്ടതിനൊക്കെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി നല്ലപിള്ള ചമഞ്ഞുപോരുന്ന സിപിഐ എത്ര നാണംകെട്ട രീതിയിലാണ് ഭൂമാഫിയകള്‍ക്ക് വിടുപണി ചെയ്തുവരുന്നതെന്നും ഈ സംഭവം തെളിയിക്കുന്നു. മൂന്നാറില്‍ ദശാബ്ദങ്ങളായി സിപിഎമ്മിനേക്കാള്‍ വിദഗ്ധമായി ടാറ്റയ്ക്കും ഹാരിസണിനും പാദസേവ ചെയ്യാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് സിപിഐ നേതാക്കള്‍ പലയാവര്‍ത്തി തെളിയിച്ചിട്ടുള്ളതാണ്.
ഏറ്റവും ഒടുവിലത്തെ ഹൈക്കോടതി വിധിയിലൂടെ 7000ഓളം ഏക്കര്‍ വരുന്ന വനഭൂമി സര്‍ക്കാരിനു നഷ്ടപ്പെട്ടു. മാധ്യമങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം അതു ചര്‍ച്ചയാക്കിയിട്ടും വിധി സര്‍ക്കാരിന് എതിരായ കാര്യം അറിഞ്ഞില്ലെന്ന വനം മന്ത്രിയുടെ നാണംകെട്ട പ്രസ്താവന അങ്ങേയറ്റം ദുരൂഹമായിരിക്കുന്നു. സര്‍ക്കാര്‍ വക്കീലന്‍മാര്‍ ഭൂമാഫിയകളുമായി ഒത്തുകളിച്ചാണ് ഇങ്ങനെയൊരു വിധി വാങ്ങിയത്. എഴുമറ്റൂര്‍ കോവിലകത്തിന് മഹാരാജാവില്‍ നിന്നു ലഭിച്ചെന്നു പറയപ്പെട്ട ചെമ്പുതകിട് (നീട്ട്) ആയിരുന്നു ഈ വനഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുള്ള കേസുകളുടെയൊക്കെ തുറുപ്പുചീട്ട്. എഴുമറ്റൂര്‍ കോവിലകത്തിനു കിട്ടിയെന്നു പറയപ്പെടുന്ന ചെമ്പുനീട്ടിന്റെ കാലയളവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ച മറ്റു സമാന ഉത്തരവുകളൊന്നുംതന്നെ ചെമ്പുതകിടില്‍ ആയിരുന്നില്ല.
തിരുവിതാംകൂര്‍ രാജ്യം മുഴുവന്‍ ശ്രീപദ്മനാഭന് അടിയറ വച്ചുകൊണ്ടുള്ള മഹാരാജാവിന്റെ തൃപ്പടിദാന വിളംബരം പോലും ഓലയിലാണ്. ആയതിനാല്‍ ചെമ്പുതകിട് വ്യാജമാണ്. നീട്ടിലെ ഭാഷ മലയാളമാണ്. എന്നാല്‍, മഹാരാജാവിന്റെ കാലത്തെ ഉത്തരവുകളും വിളംബരങ്ങളുമൊക്കെ വട്ടെഴുത്തിലാണ്.
നൈതല്ലൂര്‍ കോവിലകം 283 വ്യക്തികള്‍ക്ക് ചെമ്പോലപ്പട്ടയ പ്രകാരം ഭൂമി നല്‍കിയെന്ന വാദത്തിനും തെളിവില്ല. ചെമ്പോലപ്പട്ടയത്തിന്റെ സാക്ഷ്യപത്രം മാത്രമാണ് അവരുടെ പക്കലുള്ളത്. ഈ പട്ടയത്തിന്റെ സാധുതയിലും സംശയമുണ്ട്. 1912ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റവന്യൂ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ പൊന്തന്‍പുഴയെ വനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനു മുമ്പേ പൊന്തന്‍പുഴ വനമായതിനാലാണ് സര്‍ക്കാര്‍ ഇതിനു തയ്യാറായത്.
1906ല്‍ പൊന്തന്‍പുഴയെ വനമായി പ്രഖ്യാപിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായും രേഖകളിലുണ്ട്. എഴുമറ്റൂര്‍ വില്ലേജ് വിഭജിച്ച് പെരുമ്പട്ടി വില്ലേജ് രൂപീകരിച്ചപ്പോഴും നൈതല്ലൂര്‍ കോവിലകം വക സ്ഥലങ്ങള്‍ റിസര്‍വ് വനമായി റവന്യൂ രജിസ്റ്ററില്‍ നിലനിന്നിരുന്നു. ഇക്കാര്യം വനംവകുപ്പ് പരിശോധിച്ചില്ല. തിരുവല്ല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട 6.75 ചതുരശ്ര മൈല്‍ സ്ഥലം 1891ലെ വനനിയമം രണ്ടാം റഗുലേഷന്‍ നാലാം വകുപ്പ് പ്രകാരം വലിയകാവ് റിസര്‍വ് വനമായി ഏറ്റെടുക്കാന്‍ തിരുവിതാംകൂര്‍ ഹജൂര്‍ കച്ചേരിയില്‍ നിന്ന് ദിവാന്‍ മാധവറാവു ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
1980ലെ കേന്ദ്ര വനസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് 1996 ഡിസംബര്‍ 12ലെ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസിലെ സുപ്രിംകോടതി വിധിയും 2003ലെ ഇഎഫ്എല്‍ ആക്ടും 1971ലെ ഫോറസ്റ്റ് വെസ്റ്റിങ് ആന്റ് അസൈന്‍മെന്റ് ആക്ടും പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായ 1991ലെ ഹൈക്കോടതി വിധിയും യഥാസമയം കോടതിയില്‍ ഹാജരാക്കാതെ സിപിഐയുടെ വകുപ്പുമന്ത്രിമാര്‍ ഭൂമാഫിയക്കു വേണ്ടി കള്ളക്കളി കളിച്ച് കേസ് തോല്‍പിക്കുകയായിരുന്നു.
ഈ പൊന്തന്‍പുഴ വനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനും അനു ശിവരാമനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, വനം ജണ്ട കെട്ടി സംരക്ഷിക്കണമെന്നും ഒരുതരത്തിലും അന്യാധീനപ്പെടാന്‍ അനുവദിക്കരുതെന്നും കാട്ടി 2016 മെയ് 17നു വിധി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിവിധി പാലിക്കാമെന്നു കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതു പാലിച്ചില്ലെന്നു മാത്രമല്ല, പൊന്തന്‍ പുഴ വനത്തിനു മേല്‍ അവകാശവാദം ഉന്നയിച്ച് നടത്തിവന്ന കേസില്‍ അന്തിമ വാദം നടക്കുമ്പോള്‍ ഇക്കാര്യം കോടതിയില്‍ പരാമര്‍ശിക്കാന്‍ പോലും തയ്യാറായില്ല.
പൊന്തന്‍പുഴ വനം സംബന്ധിച്ച കേസ് പത്തു വര്‍ഷം മുമ്പ് വനം വകുപ്പ് പ്ലീഡര്‍ ആയിരുന്ന സുശീല ഭട്ടിനെ ഏല്‍പിക്കുന്നതിനു മുമ്പുതന്നെ ഭൂമിക്കു മേലുള്ള അവകാശം വ്യക്തമാക്കുന്ന ഫയലുകള്‍ വനം വകുപ്പ് മുക്കിയിരുന്നു. അവര്‍ നടത്തിയ നിരന്തര പരിശ്രമത്തിനൊടുവില്‍ മറ്റൊരിടത്തുനിന്ന് കോപ്പി സംഘടിപ്പിച്ചാണ് കേസ് മുന്നോട്ടുകൊണ്ടുപോയത്. സര്‍ക്കാര്‍ ജയിക്കും എന്ന ഘട്ടം വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ അവരെ സ്ഥാനത്തുനിന്നു മാറ്റി ഭൂമാഫിയക്ക് അനുകൂലമായ വിധി ഉണ്ടാക്കിയെടുത്തു.
1971ലെ കേരള ഫോറസ്റ്റ് വെസ്റ്റിങ് ആന്റ് അസൈന്‍മെന്റ് ആക്ട്, 1980ലെ കേന്ദ്ര വനസംരക്ഷണ നിയമം, 1991ലെ പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധി, 2003ലെ ഇഎഫ്എല്‍ ആക്ട് തുടങ്ങിയ നിയമങ്ങള്‍ പ്രകാരം സര്‍ക്കാരിന് അവകാശപ്പെട്ട പൊന്തന്‍പുഴ വനം സ്വകാര്യ ഭൂമാഫിയക്ക് കൈമാറിക്കൊണ്ടുള്ള ഹൈക്കോടതി വിധി ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലും നടന്ന ഗൂഢനീക്കത്തിലൂടെയാണ് ഉണ്ടായിട്ടുള്ളത്.
ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ഭൂമി കുംഭകോണം കമ്മ്യൂണിസ്റ്റുകളുടെ കാര്‍മികത്വത്തിലാണ് നടന്നതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു. മൂന്നാറില്‍ കൈയേറ്റത്തിനു സിപിഎം നേതൃത്വം നല്‍കുമ്പോള്‍ വാഗമണ്ണില്‍ നേതൃത്വം സിപിഐക്കാണ്. പൊന്തന്‍ പുഴയും നെല്ലിയാമ്പതിയും മലമ്പുഴയും മംഗലം ഡാമും നിലമ്പൂരും ആറളവും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ഏക്കര്‍ വനഭൂമിയാണ് ഭരണ-രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭൂമാഫിയ കൈയടക്കിവച്ചിട്ടുള്ളത്. പുതിയ കാലത്ത് പുതിയ മുദ്രാവാക്യം: വിപ്ലവം ഭൂമാഫിയയിലൂടെ. വര്‍ഗവിശകലനം കോര്‍പറേറ്റുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്യട്ടെ.                             ി

(കടപ്പാട്: ജനശക്തി,
2018 ഏപ്രില്‍ 1-15)

RELATED STORIES

Share it
Top