പൊന്തംപുഴ വനം സംരക്ഷിക്കാന്‍ മുമ്പും കോടതി നിര്‍ദേശങ്ങള്‍

പത്തനംതിട്ട: പൊന്തന്‍പുഴ വനം സംബന്ധിച്ച ഇനിയുള്ള നിയമപോരാട്ടത്തില്‍  2016ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല വിധി സര്‍ക്കാരിന് കച്ചിത്തുരുമ്പാവും. പൊന്തന്‍പുഴ വനം നൂറ്റാണ്ടായി സര്‍ക്കാരിന്റെ കൈവശം ഇരിക്കുന്നതാണെന്നും അത് ജണ്ട (അതിരടയാളം) കെട്ടി സംരക്ഷിക്കണമെന്നുമായിരുന്നു 2016 മെയ് 17ലെ വിധി.
വണ്‍ എര്‍ത്ത്, വണ്‍ ലൈഫ് എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് അന്നു വിധി വന്നത്. വനഭൂമി സംരക്ഷിക്കുമെന്ന് കാണിച്ച് അന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഭൂമിയുടെ അവകാശവാദത്തെ ചൊല്ലിയുള്ള കേസ് കോടതിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് കോടതി വനം സംരക്ഷിക്കണമെന്ന നിര്‍ദേശം നല്‍കിയത്. ഈ വിധിയും അന്നു കൊടുത്ത സത്യവാങ്മൂലവും 2018ലെ കേസില്‍ ഹാജരാക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം. 2018 ജനുവരിയിലെ വിധിയിലൂടെയാണ് വനത്തിന് സംരക്ഷിത പദവി നഷ്ടമായത്.  കേസ് നടത്തിപ്പിനായി ശേഖരിച്ച 5000ല്‍ പരം പേജുകള്‍ വരുന്ന രേഖകള്‍ പരിശോധിച്ചാല്‍ പ്രദേശം സംരക്ഷിത വനമാണെന്ന് വ്യക്തമാകുമെന്ന് സര്‍ക്കാരിന്റെ മുന്‍ പ്രത്യേക അഭിഭാഷക സുശീലാഭട്ട് പറയുന്നു. ഇത് ആരും കൈവശംവയ്ക്കാത്ത ഭൂമിയാണ്.
അവകാശവാദം ഉന്നയിച്ച കക്ഷികള്‍ക്കു ഭൂമി കൈവശം ലഭിച്ചിട്ടില്ല. 100 വര്‍ഷമായി സര്‍ക്കാര്‍ സംരക്ഷിച്ചുവരുന്നതും കൃഷി ചെയ്യാത്തതുമാണ് ഭൂമിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേസ് സംബന്ധിച്ച് സുപ്രധാനമായ ഒരു വസ്തുത നെയ്തല്ലൂര്‍ കോവിലകം അവരുടെ ഭൂമി സര്‍ക്കാരിന് മടക്കിക്കൊടുത്തിരുന്നു എന്നതാണ്.
കൈവശം കിട്ടിയെന്ന് പറയുന്ന ഭൂമിയില്‍ ആരും കൃഷി ചെയ്തിട്ടില്ല. മുമ്പ് ഡിഎഫ്ഒ മാത്രമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കക്ഷിയെങ്കില്‍ പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൊണ്ട് സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം കൊടുപ്പിച്ചിരുന്നതായും സുശീലാഭട്ട് പറഞ്ഞു. പുനപ്പരിശോധനാ ഹരജി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്തിട്ടുണ്ട്. പക്ഷേ, നിയമസഭയില്‍ വിഷയം കൊണ്ടുവന്ന് പൊന്തന്‍പുഴ സംരക്ഷിത വനമായി പ്രഖ്യാപിക്കാം. 100 വര്‍ഷത്തെ അവകാശരേഖകള്‍ കൊണ്ട് തന്നെ ഇതിനു നിയമപരമായി നിലനില്‍പ്പുണ്ടാകുമെന്നു സുശീലാ ഭട്ട് പറയുന്നു. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയും ആവാം.

RELATED STORIES

Share it
Top