പൊതു തിരഞ്ഞെടുപ്പിന്റെ ചുരും ചൂടും അനുഭവിച്ചറിഞ്ഞ് കുട്ടികള്‍

തൃക്കരിപ്പൂര്‍:പൊതുതിര െഞ്ഞടുപ്പിന്റെ ചൂരും ചുടുമറിഞ്ഞ് കൈക്കോട്ടുകടവ് സ്‌കൂളില്‍ നടന്ന തിരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. പ്രശ്‌നബാധിത മേഖലകളിലെ പോലെ ക്രമസമാധാന പാലനത്തിന് പോലിസിന്റെയും ദ്രുതകര്‍മ്മ സേനയുടെയും മാതൃക അന്തരീക്ഷത്തിന് കൊഴുപ്പേകി. കെക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക സ്‌കൂളാണ് ഈ  വേറിട്ട തിരഞ്ഞെടുപ്പ് മാതൃക കുട്ടികളിലെത്തിച്ചത്. സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒദ്യോഗിക വിജ്ഞാപനം വരാനിരിക്കെ ലോവര്‍ പ്രൈമറി ക്ലാസിലെ വിദ്യാര്‍ഥികളുടെ ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പ് പൊതു തിരഞ്ഞെടുപ്പായി. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍  ദിവസങ്ങള്‍ക്ക് മുമ്പേ പരസ്യപ്പെടുത്തിയിരുന്നു. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡുമായ ഊഴവും കാത്ത് ബൂത്തുകളുടെ വരാന്തയില്‍ വോട്ടര്‍മാര്‍ വരി നിന്നു.
കൈവിരലില്‍ മഷിപുരട്ടിയതും പേരു വിളിച്ചപ്പോള്‍ ബാലറ്റു പേപ്പര്‍ ഏറ്റുവാങ്ങി രഹസ്യ വോട്ടു ചെയ്യാന്‍ പ്രത്യേകം തയ്യാറാക്കിയ കംപാര്‍ട്ടുമെന്റില്‍ ചെന്ന് വോട്ടു ചെയ്ത് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിച്ചതും വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. ക്ലാസ് ലീഡറെയും ഡെപ്യൂട്ടി ലീഡറേയും പൊതുതിരഞ്ഞെടുപ്പ് മാതൃകയില്‍ വോട്ടെടുപ്പിലൂടെ കണ്ടെത്തി. ജനാധിപത്യ രീതികള്‍ പുതുതലമുറയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടൈയാണ് വോട്ടെടുപ്പും അനുബന്ധ രീതികളും അവലംബിച്ചത്.
രണ്ടു മുതല്‍ നാലുവരെ ക്ലാസ്സുകളിലെ ലീഡര്‍ സ്ഥാനത്തിനായി 37 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ 487 വിദ്യാര്‍ഥികള്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സൂക്ഷ്മ പരിശോധനയും നടത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥരും സമാധാനപാലകരും മുഴുവന്‍ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളായിരുന്നു. അധ്യാപകരായ എം ഫൈസല്‍, സി ദാവൂദ്, ടി എം റാഷിദ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top