പൊതുസ്ഥലത്ത് മാലിന്യം തള്ളി; പരിസരവാസികള്‍ രംഗത്ത്

മാവൂര്‍: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തി. മാവൂര്‍- കൂളിമാട് റോഡില്‍ കഴിഞ്ഞ ദിവസം രാത്രി ഗ്രാസിം ഫാക്ടറിക്ക് സമീപവും മല്‍സ്യമാര്‍ക്കറ്റിന് സമീപവും വാഹനത്തില്‍ നിന്നും മാലിന്യം തള്ളുന്നത് കണ്ട പ്രദേശത്തുകാരനാണ് തെളിവ് സഹിതം ഗ്രാമപ്പഞ്ചായത്ത് അധികൃതരെ അറിയിച്ചത്.
മാവൂരിലെ ഇലക്ട്രിക്കല്‍ കടയിലെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും മാവൂര്‍ പാറമ്മലിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ മാലിന്യങ്ങളുമാണ് റോഡരികില്‍ തള്ളിയത്. പ്രദേശത്തുകാര്‍ ഗ്രാമപ്പഞ്ചായത്തിന് നല്‍കിയ വാഹന നമ്പര്‍ മാവൂര്‍ പോലിസിന് കൈമാറുകയും വാഹന ഉടമയെ കണ്ടെത്തുകയുമാണ് ചെയ്തത്.
മാലിന്യം തള്ളിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തു. നേരത്തെ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി മാലിന്യം തള്ളുന്നത് പിടി കൂടുന്നവര്‍ക്ക് ഗ്രാമപ്പഞ്ചായത്ത് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരമുള്ള പാരിതോഷികം വിവരം നല്‍കിയ വ്യക്തിക്ക് നല്‍കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചര്‍ അറിയിച്ചു.

RELATED STORIES

Share it
Top