'പൊതുസമൂഹത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തിരുത്തല്‍ശക്തിയാവണം'കോട്ടയം: പൊതുസമൂഹത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ലക്ഷ്യം മറക്കുന്നിടത്ത് കത്തോലിക്കാ കോണ്‍ഗ്രസ് തിരുത്തല്‍ ശക്തിയാകണമെന്ന് കോട്ടയം അതിരൂപതാ ആര്‍ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.മാനവ സമൂഹത്തിന്റെ വളര്‍ച്ചയില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ചരിത്രപരമായ മുന്നേറ്റം വിലമതിക്കപ്പെടേണ്ടതാണ്. അവഗണനയ്ക്കും അവാകശ ലംഘനത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച് രാഷ്ട്ര നിര്‍മിതിയില്‍ പങ്കുകാരാകണമെന്നും അദ്ദേഹം പറഞ്ഞു.കത്തോലിക്ക കോണ്‍ഗ്രസിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന  ശതാബ്ദി ആഘോഷത്തിന്റെ ദേശീയതല ഉദ്ഘാടനം   കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വി വി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ബ്രഹ്മശ്രീസച്ചിദാനന്ദ സ്വാമി മാനവമൈത്രി സന്ദേശം നല്‍കി.കേരളത്തെ വിദ്യാഭ്യാസ സമ്പന്നരുടെ ഭൂമിയാക്കി മാറ്റുവാന്‍  കത്തോലിക്കാ സമുദായം വഹിച്ച പങ്ക് നിസ്തുലമാണെന്നും മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുവാന്‍ ജാതിയോ മതമോ പറയാത്ത ശിവഗിരി മഠം എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ശതാബ്ദി ആഘോഷത്തിനോടനുബന്ധിച്ച് നടപ്പാക്കുന്ന ശതാബ്ദി ഭൂദാനപദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലും, ശതാബ്ദി കര്‍മപദ്ധതിയുടെ പ്രകാശനം പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടും നിര്‍വഹിച്ചു.കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ സന്ദേശം നല്‍കി. ഡയറക്ടര്‍ ഫാ.ജിയോ കടവി, കേന്ദ്രജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു തോമസ്,സ്റ്റീഫന്‍ ജോര്‍ജ്, സെലിന്‍ സിജോ,  ജോസ്‌കുട്ടി മാടപ്പള്ളി, അഡ്വ.ടോണി ജോസഫ്, സാജു അലക്‌സ്, സൈബി അക്കര, ഡേവിസ് പുത്തൂര്‍, ബേബി പെരുമാലി, ഡേവിസ് തുളുവത്ത്, പ്രൊഫ.ജോസ്‌കുട്ടി ഒഴുകയില്‍, ജിജി ജേക്കബ്, അരുണ്‍ ഡേവിഡ് സംസാരിച്ചു.

RELATED STORIES

Share it
Top