പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നു

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി 40,083 ക്ലാസ്മുറികളിലേക്കുള്ള ലാപ്‌ടോപ്, പ്രൊജക്ടര്‍, മൗണ്ടിങ് കിറ്റ്, യുഎസ്ബി സ്പീക്കര്‍ എന്നിവയുടെ വിതരണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ഇതിനു പുറമേ സ്‌കൂളുകളിലെ ലാബുകളിലേക്ക് അധികമായി അനുവദിച്ച 16,500 ലാപ്‌ടോപ്പുകളുടെ വിതരണവും ഈ ആഴ്ച പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി മൊത്തം 4752 സ്‌കൂളുകളില്‍ 3676 സ്‌കൂളുകളിലും എല്ലാ ക്ലാസ്മുറികളും ഹൈടെക് ആയി. 702 സ്‌കൂളുകളില്‍ 70 ശതമാനം ക്ലാസ്മുറികള്‍ ഹൈടെക് ആയപ്പോള്‍ 315 സ്‌കൂളുകളില്‍ 50 ശതമാനത്തിനു താഴെ ക്ലാസ്മുറികളേ ഹൈടെക് ആയിട്ടുള്ളൂ. ഏറ്റവും കൂടുതല്‍ ഹൈടെക് ക്ലാസ്മുറികള്‍ മലപ്പുറം ജില്ലയിലാണ് (5096 എണ്ണം). കോഴിക്കോട് (4105), തൃശൂര്‍ (3497) ജില്ലകളാണ് തൊട്ടടുത്ത്. സംസ്ഥാനത്തെ 59 സ്‌കൂളുകളില്‍ ഒരു ക്ലാസ്മുറിയും (മൊത്തം 439 ക്ലാസ്മുറികള്‍) ഹൈടെക് ആയിട്ടില്ല.
പുതിയ കെട്ടിടങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളതിനാല്‍ നിലവിലുള്ള സുരക്ഷിതമല്ലാത്ത ക്ലാസ്മുറികളില്‍ ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമായ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതാണ് ഇത്തരം പല സ്‌കൂളുകളിലും ഹൈടെക് സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തത്. എന്നാല്‍, ഇത്തരം സ്‌കൂളുകളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സര്‍വേ നടത്തി ഉപകരണങ്ങള്‍ ലാബില്‍ സ്ഥിരമായി സൂക്ഷിക്കുകയും ആവശ്യാനുസരണം ക്ലാസ്മുറികളില്‍ കൊണ്ടുപോയി ഉപയോഗിക്കാനും കഴിയുന്ന വിധം ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും അനുവദിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ ഈ മാസം തന്നെ സംസ്ഥാനത്തെ 8 മുതല്‍ 12 വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹൈടെക് ക്ലാസ് റൂം സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും.
ഹൈടെക് ക്ലാസ്മുറികളില്‍ ഓരോ വിഷയത്തിലേയും അധ്യായങ്ങള്‍ കരിക്കുലം നിഷ്‌കര്‍ഷിക്കുന്ന പഠനനേട്ടങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ തയ്യാറാക്കിയ 'സമഗ്ര' ഡിജിറ്റല്‍ വിഭവ പോര്‍ട്ടലിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സമഗ്രയില്‍ ഇതുവരെ 1,22,915 അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തു.  ഈ മാസം 3.6 കോടി പേജ് വ്യൂ സമഗ്രയ്ക്ക് ലഭിച്ചു. 4.7 ലക്ഷം യൂനിറ്റ് പ്ലാനുകളും 7.59 ലക്ഷം മൈക്രോ പ്ലാനുകളും അധ്യാപകര്‍ തയ്യാറാക്കിയത് ഉള്‍പ്പെടെ സമഗ്രയില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളില്‍ വിനിമയം നടത്തുന്നതിന് 74,668 അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഓഫ്ലൈനായും സമഗ്ര പ്രയോജനപ്പെടുത്താം. സമഗ്രയുടെ വിനിയോഗം വിദ്യാഭ്യാസ വകുപ്പിലെ ഓഫിസര്‍മാരും പ്രഥമാധ്യാപകരും സ്ഥിരമായി മോണിറ്റര്‍ ചെയ്യണമെന്നു നിഷ്‌കര്‍ഷിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 9045 പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പെടെ 13,786 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കിക്കഴിഞ്ഞു. ഹൈടെക് ക്ലാസ്മുറികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കിങ് പ്രവര്‍ത്തനം നടക്കുന്നു. 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബ്ബുകളിലെ 60,000ലധികം കുട്ടികള്‍ ആദ്യഘട്ട പരിശീലനം നേടി. ഹൈടെക് പദ്ധതി ഉദ്ഘാടനം ചെയ്ത് ആറു മാസത്തിനകം തന്നെ 60,000 ലാപ്ടോപ്പുകളും 42,000 മള്‍ട്ടിമീഡിയ പ്രൊജക്ടറുകളുടെയും വിന്യാസം സ്‌കൂളുകളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുകയാ ണ്.

RELATED STORIES

Share it
Top