പൊതുവിദ്യാലയങ്ങളില്‍ 2426 വിദ്യാര്‍ഥികളുടെ വര്‍ധന

പാലക്കാട്: സര്‍ക്കാറിന്‍െ നവകേരള മിഷന്‍ പദ്ധതികളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലം കാണുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 2426 വിദ്യാര്‍ഥികളുടെ വര്‍ധനവുളളതായി വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴുളള കണക്കാണ് വിദ്യാഭ്യസ ഉപഡയറക്ടറുടെ കാര്യാലത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. 332 സര്‍ക്കാര്‍ സ്‌കൂളുകളും 585 എയ്ഡഡ് സ്‌കൂളുകളുമാണ് ജില്ലയില്‍ ഉള്ളത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ വര്‍ധിച്ചപ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതലായി എത്തിയത് ആണ്‍കുട്ടികളാണ്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും എണ്ണം കണക്കാക്കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങളിലായി മൊത്തം 307466 കുട്ടികളാണ് ഇത്തവണ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 305040 ആയിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ തവണ 113287 വിദ്യാര്‍ഥികളാണ് എത്തിയത്. ഇത്തവണ 1014 കുട്ടികള്‍ കൂടുതലായി എത്തിയതോടെ മൊത്തം എണ്ണം 114301 ആയി. സര്‍ക്കാര്‍ സ്‌കൂളില്‍ 56311 ആണ്‍കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. 355 പേര്‍ കൂടുതലായി എത്തിയതോടെ എണ്ണം 56666 ആയി. കഴിഞ്ഞ തവണയേക്കാള്‍ 659 പെണ്‍കുട്ടികള്‍ കൂടി പ്രവേശനം നേടിയതോടെ പെണ്‍കുട്ടികളുടെ എണ്ണം 57635 ആയി വര്‍ദ്ധിച്ചു.
സ്വകാര്യ സ്‌കൂളുകളില്‍ താരതമ്യേന 748 വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുളളതായി കണക്കുകള്‍ വ്യക്തമാക്കുന്നു യ്ഡഡ് സ്‌കൂളുകളില്‍ 98067 ആണ്‍കുട്ടികളും 93686 പെണ്‍കുട്ടികളുമാണ് കഴിഞ്ഞ തവണ എത്തിയത്. ഇത്തവണ 1062 ആണ്‍കുട്ടികളും 350 പെണ്‍കുട്ടികളും കൂടുതലായി പ്രവേശനം തേടി. എയ്ഡഡ് മേഖലയില്‍ മാത്രം 1412 വിദ്യാര്‍ഥികളുടെ വര്‍ദ്ധനവുണ്ടായത്.
മികച്ച സൗകര്യങ്ങളോടെ ജനകീയവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംപദ്ധതി നടപ്പിലാക്കുന്നത്. മികച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍, ഹൈ-ടെക് ക്ലാസ് മുറികള്‍, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ നടപ്പാക്കിയിട്ടുണ്ട്.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി കൈത്തറി യൂനിഫോം പാഠപുസ്തകം വിതരണവും പൂര്‍ത്തിയായിരുന്നു. പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഈ വര്‍ഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നരലക്ഷം പേരുടെ വര്‍ധനവുണ്ട്.

RELATED STORIES

Share it
Top