പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനകണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന തിരികെ തിരുമുറ്റത്തേക്ക് പദ്ധതിക്ക് വന്‍ സ്വീകാര്യത. ജില്ലയിലെ എല്ലാ സ്‌കൂള്‍ തലങ്ങളിലും ഇതിന്റെ ഭാഗമായി വിപുലമായ ജനകീയ ഇടപെടലാണ് നടന്നുവരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷിതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും യോഗം വിലയിരുത്തി. ജില്ലയിലെ പല പൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ഥി പ്രവേശനത്തില്‍ കാര്യമായ മുന്നേറ്റം ഇപ്പോഴേ ദൃശ്യമാണെന്നാണ് എഇഒമാര്‍ യോഗത്തില്‍ അറിയിച്ചു. ഒന്നാം ക്ലാസില്‍ മാത്രമല്ല, ഉയര്‍ന്ന ക്ലാസുകളിലേക്കും പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം നിരവധി പേരാണ് പുതുതായി പ്രവേശനം നേടിയത്. എന്നാല്‍ ചില സ്‌കൂള്‍ അധികൃതര്‍ സ്ഥലപരിമിതിയും മറ്റും പറഞ്ഞ് ഇങ്ങനെ പ്രവേശനം തേടിയെത്തുന്നവരെ തിരിച്ചയക്കുന്നതായും പരാതിയുണ്ട്. ചില സ്‌കൂളുകള്‍ യോഗ്യത പരിശോധന നടത്തി പ്രവേശനം നിഷേധിക്കുന്നതായും ആക്ഷേപമുയര്‍ന്നു. ഈ സമീപനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.     വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പൊതുവിദ്യാലയത്തില്‍ പ്രവേശനം ആവശ്യപ്പെട്ടെത്തുന്ന എല്ലാ വിദ്യാര്‍ഥിക്കും പ്രവേശനം നല്‍കണമെന്നാണ് നിയമം. എന്തിന്റെ പേരിലായാലും ഈ അവകാശം നിഷേധിക്കപ്പെടരുത്. ഇക്കാര്യം ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ചില സ്‌കൂള്‍ മനേജ്‌മെന്റുകള്‍ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോട് നിസ്സഹകരിക്കുന്നതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സ്‌കൂള്‍ വികസനത്തിന് പിടിഎയും നാട്ടുകാരും നടത്തുന്ന ശ്രമങ്ങളോട് മാനേജ്‌മെന്റ് മുഖംതിരിഞ്ഞ് നില്‍ക്കുന്നതായാണ് ആക്ഷേപം. സ്‌കൂള്‍ വില്‍പ്പന നടത്തുകയെന്ന താല്‍പര്യമാണ് ഈ സമീപനത്തിന് പിന്നിലെന്നും പരാതി ഉയര്‍ന്നു. ജില്ല പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, ടി ടി റംല സംസാരിച്ചു. ഡിഇഒമാര്‍, എഇഒമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ജീവനക്കാര്‍, എസ്എസ്എ, ആര്‍എംഎസ്എ പ്രതിനിധികള്‍  പങ്കെടുത്തു.

RELATED STORIES

Share it
Top