പൊതുമേഖലാ സ്പിന്നിങ്് മില്ലുകള്‍: ഒരു വര്‍ഷത്തെ നഷ്ടം 7105.69 ലക്ഷം

സമീര്‍  കല്ലായി
മലപ്പുറം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്പിന്നിങ് മില്ലുകളുടെ ഒരുവര്‍ഷത്തെ നഷ്ടം 7105.69 ലക്ഷം രൂപ. വിജിലന്‍സ് കേസുകളില്‍ പ്രതികളായ മൂന്ന് എംഡിമാരാണ് കേരളത്തിലെ 11 സ്പിന്നിങ് മില്ലുകള്‍ നിയന്ത്രിക്കുന്നത്. അസംസ്‌കൃത വസ്്തുക്കള്‍ വാങ്ങുന്നതിലും നൂല്‍വില്‍പനയിലും നടക്കുന്ന വ്യാപക അഴിമതിയാണ് മില്ലുകളെ തകര്‍ച്ചയിലേക്കു തള്ളിവിട്ടത്.
വിജിലന്‍സ് കേസില്‍ പ്രതിയായ കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം ഗണേഷാണ് മലബാര്‍ സ്പിന്നിങ് ആന്റ് വീവിങ് മില്‍, പ്രഭുറാം ടെക്‌സ്റ്റൈല്‍സ്, എടരിക്കോട് ടെക്‌സ്റ്റൈല്‍സ്, കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്‍, പൂങ്കുന്നം സീതാറാം ടെക്‌സ്റ്റൈല്‍സ്, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, തിരുവനന്തപുരം ടെക്‌സ്റ്റൈല്‍ റിസേര്‍ച്ച് ലാബ് എന്നിവയുടെ എംഡി. ടെക്‌സ്‌ഫെഡ് എംഡി ഇപ്പോള്‍ കോട്ടയം പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍, കൊല്ലം സഹകരണ സ്പിന്നിങ് മില്ലുകളുടെ കൂടി എംഡിയാണ്. തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലിന്റെയും കുറ്റിപ്പുറം മാല്‍കോടെക്‌സ് സ്പിന്നിങ് മില്ലിന്റെയും എംഡിയായി തുടരുന്ന കെ ശശീന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കോട്ടയം പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ നാലുമാസമായി സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയിരിക്കുകയാണ്. എല്ലാ മില്ലുകളും പ്രൊവിഡന്റ് ഫണ്ട്, ഇഎസ്‌ഐ, ഫെല്‍ഫെയര്‍ ബോര്‍ഡ് ഫണ്ട്് എന്നിവ അടയ്ക്കാതെ കോടികള്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇതുകാരണം വിരമിക്കുന്നവര്‍ക്ക് പെന്‍ഷനും ഗ്രാറ്റിവിറ്റിയും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നില്ല.
അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള വാങ്ങല്‍ ഇ-ടെന്‍ഡര്‍ മുഖാന്തരമായിരിക്കണം എന്നാണു ചട്ടം. ഇതു നിരന്തരം ലംഘിച്ച്് സ്വകാര്യ ഏജന്റുമാരില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുകയാണ്. 5000ഓളം ജീവനക്കാരുടെ ഉപജീവനമാര്‍ഗമാണ് സ്പിന്നിങ് മില്ലുകള്‍.
അഴിമതിക്കാരായ എംഡിമാരെ ഉടന്‍ നീക്കം ചെയ്യണമെന്നും ടെക്‌സ്റ്റൈല്‍ മേഖല സംരക്ഷിക്കണമെന്നും പൂട്ടിക്കിടക്കുന്ന മില്ലുകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ എല്ലാ ടെക്‌സ്റ്റൈല്‍ മില്ലുകളിലെയും സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്കി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുന്നുണ്ട്്.

RELATED STORIES

Share it
Top