പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 6,348.10 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 6,348.10 കോടി രൂപയെന്ന് സിഎജി റിപോര്‍ട്ട്. ആകെ 130 പൊതുമേഖലാ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 15 എണ്ണം പ്രവര്‍ത്തനരഹിതമെന്നും സിഎജി കണ്ടെത്തി.
26,463.28 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള വരവ്. ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.04 ശതമാനമാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 45 എണ്ണം 382.84 കോടി രൂപ ലാഭമുണ്ടാക്കിയപ്പോള്‍ 64 എണ്ണം 2,216.01 കോടി രൂപ നഷ്ടം വരുത്തിവച്ചു. മൂന്നു സ്ഥാപനങ്ങള്‍ ലാഭമോ നഷ്ടമോ വരുത്തിയിട്ടില്ല.
അതേസമയം നാലു പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ ഇതേവരെ ഒരു വാര്‍ഷിക കണക്കുപോലും സമര്‍പ്പിച്ചിട്ടില്ല. ലാഭത്തില്‍ പതിവുപോലെ ബിവറേജസ് കോര്‍പറേഷനാണ് മുമ്പില്‍. നഷ്ടത്തില്‍ കെഎസ്ആര്‍ടിസിയും. കെഎസ്എഫ്ഇ, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍, എന്നിവയാണ് ലാഭമുണ്ടാക്കിയവയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. കെഎസ്ഇബിയും സിവില്‍ സപ്ലൈസുമാണ് നഷ്ടത്തില്‍ കെഎസ്ആര്‍ടിസിക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.
മലബാര്‍ സിമന്റ്‌സില്‍ അസംസ്‌കൃത വസ്തുക്കളുടെ പര്‍ച്ചേസ് സുതാര്യമായല്ല നടന്നതെന്ന് സിഎജി കണ്ടെത്തി. ഇ ടെന്‍ഡറും ദര്‍ഘാസും വ്യവസ്ഥ പാലിക്കാതെയാണ് നടന്നത്.
ഗുണമേന്‍മ ഉറപ്പാക്കാതെയാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്നും കല്‍ക്കരി സമയത്ത് കിട്ടാത്തതിനാല്‍ ഫാക്ടറി രണ്ടു മാസത്തോളം അടച്ചിട്ടതുവഴി കോടികളുടെ നഷ്ടം സംഭവിച്ചെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. കയര്‍, കൈത്തറി മേഖലകളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടക്കുന്നില്ല. 2008ലെ കയര്‍ കമ്മീഷന്‍ റിപോര്‍ട്ട് ഇതേവരെ നടപ്പാക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ മേഖലകളില്‍ യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും നടക്കുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പിക്കാന്‍ കഴിയാത്തതുമൂലം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നതുമൂലം കയര്‍ ഉല്‍പ്പന്നങ്ങളെ വിപണിയില്‍ കുറഞ്ഞ മല്‍സരക്ഷമത ഉള്ളതാക്കി.
വ്യവസായ വികസനത്തിനു വേണ്ടി കണ്ടെത്തിയ 1320 ഏക്കര്‍ ഭൂമി സ്വന്തം മാനദണ്ഡങ്ങള്‍ക്കും 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരവുമല്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ നിര്‍ത്തിവയ്പിച്ചു.
മാത്രവുമല്ല 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഏറ്റെടുത്ത 233.62 ഏക്കര്‍ ഭൂമിയുടെ വികസനം ഇതേവരെ പൂര്‍ത്തിയാവാത്തതും ഈ മേഖലയ്ക്ക് തിരിച്ചടിയായി. സര്‍ക്കാരിന്റെ അംഗീകൃത പിഎംസിയുടെ സാമ്പത്തിക-സാങ്കേതിക വാഗ്ദാനങ്ങള്‍ തിരസ്‌കരിച്ച് ഇന്‍കലിനെ തിരഞ്ഞെടുത്തതു വഴി 3.46 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടായി.
വ്യവസായങ്ങള്‍ക്കായി ഏറ്റെടുത്ത 1779.18 ഏക്കര്‍ ഭൂമിയില്‍ ഉല്‍പാദനം തുടങ്ങാത്തതുമൂലം 215.66 ഏക്കര്‍ സ്ഥലം ഇപ്പോഴും വെറുതെ കിടക്കുകയാണ്. വ്യവസായ പാര്‍ക്കിലെ പൊതു ചെലവുകള്‍ മുഴുവന്‍ വരാനിരിക്കുന്ന പാട്ടക്കാര്‍ക്കായി നീക്കിവച്ചതുമൂലം പാട്ടത്തുക ഒരു ഏക്കറിന് 32.26 ലക്ഷം രൂപയായി ഉയര്‍ന്നു.

RELATED STORIES

Share it
Top