പൊതുമേഖലാ ബാങ്കുകളുടെ വിദേശ ഇടപാടുകള്‍ ഏകോപിപ്പിക്കും

എന്‍  പി   അനൂപ്
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ വിദേശ ഇടപാടുകള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പഞ്ചാബ് നാഷനല്‍ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നതിനു പിറകെയാണ് വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ ബ്രാഞ്ചുകളും ഓഫിസുകളും പൂട്ടുകയോ മറ്റു ബാങ്കുകളുമായി ലയിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്.
വിദേശ ബ്രാഞ്ചുകള്‍ വ്യാജരേഖകള്‍ നല്‍കി തട്ടിപ്പ് നടത്തുന്നത് തടയുന്നതിനാണ് നടപടി. പിഎന്‍ബി കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ കമ്പനികള്‍ ഇത്തരത്തില്‍ വ്യാജരേഖ സമര്‍പ്പിച്ച് പണം കരസ്ഥമാക്കിയതായി റിപോര്‍ട്ടുണ്ടായിരുന്നു.
വിദേശത്തെ ഇന്ത്യന്‍ ബാങ്കുകളുടെ 216 ബ്രാഞ്ചുകളില്‍ പരിശോധന നടത്തിയെന്നാണ് വിവരം. ബാങ്ക് ശാഖകള്‍, ബാങ്കുകളുമായി കൂട്ടുചേര്‍ന്നുള്ള സംരംഭങ്ങള്‍, പണമടയ്ക്കുന്ന കേന്ദ്രങ്ങള്‍, ബാങ്ക് പ്രതിനിധികളുടെ ഓഫിസുകള്‍ തുടങ്ങിയ 69 ബാങ്കുകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനു ശേഷം പ്രവര്‍ത്തനക്ഷമമോ ലാഭകരമോ അല്ലാത്തതും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചെലവും കണക്കാക്കി തീരുമാനമെടുക്കാനാണ് നീക്കം.
ഇതോടൊപ്പം വിദേശ രാജ്യങ്ങളിലുള്ള പൊതുമേഖലാ ബാങ്കുകളുടെ ബ്രാഞ്ചുകളെ ലയിപ്പിക്കുമെന്നും ധനകാര്യ സര്‍വീസ് സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. 35 ബ്രാഞ്ചുകളാണ് ഏകോപിപ്പിക്കുക. ബാങ്കുകളുടെ അന്തര്‍ദേശീയ സാന്നിധ്യത്തെ ബാധിക്കാത്ത രീതിയിലായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുനഃപരിശോധന നടത്തേണ്ടിവരുമെന്നും വിദേശ ബ്രാഞ്ചുകള്‍ നടത്തുന്നത് തുടരുമെന്നും എസ്ബിഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ലാഭകരമല്ലാത്ത ബ്രാഞ്ചുകളെ അടച്ചുപൂട്ടുകയെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ  ഹോങ്കോങിലെ ബ്രാഞ്ച് അടച്ചുപൂട്ടുകയും തായ്‌ലന്‍ഡിലെ പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലെ രണ്ടു ബ്രാഞ്ചുകള്‍ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.

RELATED STORIES

Share it
Top