പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് പി സി ജോര്‍ജ്

മാള: കരിങ്ങോള്‍ച്ചിറ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാത്ത പൊതുമരാമത്ത്  ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി  സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിന് ജനപ്രതിനിധികള്‍ മറുപടി പറയണമെന്ന് പി സി ജോര്‍ജ് എംഎല്‍എ.    കരിങ്ങോള്‍ച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മാണ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പാലം പണി  പൂര്‍ത്തീകരിക്കാത്ത കരാറുകാരനെതിരെ റിസ്‌ക് ആന്റ് കേസില്‍  റീടെന്‍ഡര്‍ നടത്തി കൂടുതലായി വരുന്ന തുക മുന്‍ കോണ്‍ട്രാക്റ്ററില്‍ നിന്ന് ഈടാക്കേണ്ടതാണ്. കരിങ്ങോള്‍ചിറ പാലം വിഷയത്തില്‍ എന്ത് കൊണ്ട് ഇത്തരം നടപടി ഉണ്ടായില്ലെന്നതിനും ജനപ്രതിനിധികള്‍ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭൂമി മുന്‍കൂറായി വിട്ട് നല്‍കാമെന്ന് കാണിച്ച് വഖഫ് ബോര്‍ഡ്   അനുമതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ പണി  പൂര്‍ത്തികരിക്കാത്തത് ഈ നാട്ടുകാരോടുള്ള മാപ്പര്‍ഹിക്കാത്ത അക്രമമാണ്. എന്നിട്ടും  കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തത് കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
അനിശ്ചിതകാല റിലേ നിരാഹാരസമരം പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ പിഐ നിസാര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡന്റ് മാങ്കപാടത്ത് സാലി സജീര്‍ അധ്യക്ഷനായി. സെക്രട്ടറി യു കെ വേലായുധന്‍ സ്വാഗതം പറഞ്ഞു. കൂട്ടായ്മ ഭാരവാഹികള്‍ വിവിധ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക സംഘടനാ നേതാക്കളും സമരത്തിന് പിന്തുണ നല്‍കി. എം എച്ച് ഫൈസല്‍, അഷറഫ്, വിജയന്‍,റഷീദ്  ഹാജി, എം ബി സെയ്തു, മിര്‍സാദ് റഹ്മാന്‍, ടി പി പരമേശ്വരന്‍ നമ്പൂതിരി, അഡ്വ ഷൈജു, ജോസ് പട്ടിക്കാട്എന്നിവര്‍ സംസാരിച്ചു. പി ഐ നിസാര്‍, അഷറഫ് വൈപ്പിന്‍ കാട്ടില്‍, സുല്‍ഫിക്കര്‍ ഭൂട്ടോ, മജീദ് ,കുഞ്ഞുമുഹമ്മദ് ,സിദ്ധാര്‍ത്ഥന്‍, ഫൈസല്‍, മിര്‍സാദ് എന്നിവരാണ്  നിരാഹാര സമരം നടത്തുന്നത്.

RELATED STORIES

Share it
Top