പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കണം: ഹൈക്കോടതി

കൊച്ചി: പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ ലോകായുക്തയില്‍ തീര്‍പ്പാവാതെ കിടക്കുന്നത് അവരെ പ്രതികൂലമായി ബാധിക്കുമെന്നും ഇത്തരം കേസുകള്‍ വേഗം തീര്‍പ്പാക്കണമെന്നും ഹൈക്കോടതി. തനിക്കെതിരേ ലോകായുക്തയിലുള്ള കേസ് അനിശ്ചിതമായി വൈകുന്നതിനെതിരേ ഒല്ലൂര്‍ മുന്‍ എംഎല്‍എ എം പി വിന്‍സെന്റ് നല്‍കിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്നാരോപിച്ച് ഹരജിക്കാരനെതിരേ 2014ല്‍ നല്‍കിയ കേസാണ് നിലവിലുള്ളത്. പാലക്കാട് എസ്പിയുടെ അന്വേഷണത്തില്‍ കേസുമായി തനിക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയെന്നും കേസ് തീര്‍പ്പാക്കാതെ വൈകുന്നത് പ്രതികൂലമായി ബാധിക്കുന്നെന്നുമാണ്  ഹരജിയില്‍ പറയുന്നത്. 2014ലെ പരാതിയാണെങ്കിലും കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് റിപോര്‍ട്ട് ലോകായുക്തയ്ക്ക് സമര്‍പ്പിച്ചതെന്ന് ഹൈക്കോടതി വിലയിരുത്തി. ചില കക്ഷികള്‍ ഹാജരാവാന്‍ വൈകിയതടക്കമുള്ള കാരണങ്ങളാലാണ് കേസ് നടപടികള്‍ വൈകിയത്.

RELATED STORIES

Share it
Top