പൊതുപണിമുടക്ക് മലപ്പുറത്ത് പൂര്‍ണം

മലപ്പുറം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തു നടന്ന തൊഴിലാളി പൊതുപണിമുടക്കു മലപ്പുറത്തു പൂര്‍ണം.
ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസ്, ജീപ്പ്, കെഎസ്ആര്‍ടിസി തൊഴിലാളികള്‍ കൂടി പണിമുടക്കില്‍ പങ്കെടുത്തതോടെ ജില്ലയില്‍ പൊതുപണിമുടക്കു പൂര്‍ണമായി. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരില്ലാത്തതിനാല്‍ സേവനങ്ങള്‍ നടന്നില്ല.
പല ഓഫിസുകളിലും നാമമാത്ര ജീവനക്കാര്‍ മാത്രമാണ് എത്തിയത്. സിവില്‍ സ്റ്റേഷനിലെ പല ഓഫിസുകളും, കടകമ്പോളങ്ങളും പൂര്‍ണമായും അടഞ്ഞുകിടന്നു. നാമമാത്ര സ്വകാര്യ -ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. വിവാഹം, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്ക് പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിച്ചാണു വാഹനങ്ങള്‍ സര്‍വീസ് നടത്തിയത്. ജില്ലയിലെ പ്രധാന നഗരങ്ങളായ മലപ്പുറം, തിരൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി, കോട്ടക്കല്‍, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതിയായിരുന്നു. നഗരങ്ങളിലെല്ലാം സംയുക്ത തൊഴിലാളി യൂനിയനുകള്‍ പ്രതിഷേധ പ്രകടനം നടത്തി. തൊഴിലാളി നയത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. പണിമുടക്ക് മലയോര മേഖലയെയും ഗ്രാമപ്രദേശങ്ങളെയും കാര്യമായി ബാധിച്ചു. ഓട്ടോ ടാക്‌സികളും ചെറുവാഹനങ്ങളും പണിമുടക്കില്‍ പങ്കാളികളായതോടെ യാത്രക്കാര്‍ നഗരത്തിലെത്താന്‍ പ്രയാസപ്പെട്ടു.
പെരിന്തല്‍മണ്ണ ടൗണില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി വി ശശികുമാര്‍ സിഐടിയു ഏരിയ സെക്രട്ടറി കെ ടി സെയ്ത്  ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറി വള്ളുരാന്‍ ഹനിഫ എംഎം മുസതഫ,എസ്ടിയു സംസ്ഥാന സെക്രട്ടറി ഇ അബ്ദുല്‍ നാസര്‍,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എന്ന കുഞ്ഞാപ്പു, സെക്രട്ടറി പച്ചീരി ഫാറൂഖ്,മണ്ഡലം ഭാരവാഹികളായ  അബ്ദുല്‍ ഗഫൂര്‍, അഷ്‌റഫ് പുത്തൂര്‍, ബഷീര്‍ കട്ടുപ്പാറ, ഹാരിസ്  എരഞ്ഞിക്കല്‍, ആനന്ദന്‍ ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top