പൊതുപണിമുടക്ക്: തേഞ്ഞിപ്പലം ഇരുട്ടിലായി

തേഞ്ഞിപ്പലം: പൊതുപണിമുടക്കിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ജോലിക്കെത്താത്തതിനാല്‍ തേഞ്ഞിപ്പലം പ്രദേശം ഇരുട്ടിലായി. ഞായറാഴ്ച രാത്രി 7 മണിക്കുണ്ടായ കാറ്റിലും മഴയിലും കടക്കാട്ടു പാറയില്‍  മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിയിരുന്നു. ഇതെ തുടര്‍ന്നാണ് തേഞ്ഞിപ്പലം പഞ്ചായത്തിലെ ആലുങ്ങല്‍ , ചെനക്കലങ്ങാടി, കടക്കാട്ടു പാറ തുടങ്ങി പ്രദേശങ്ങളില്‍ ആയിരകണക്കിന് വീട്ടുക്കാര്‍ക്ക് വൈദ്യുതി മുടങ്ങിയത്. വൈദ്യുതിയില്ലാത്ത വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും പണിമുടക്കായതിനാല്‍ ജോലി ചെയ്യാന്‍ പറ്റില്ലെന്ന വിവരമാണ് ലഭിച്ചത്. ഇത് കാരണം ഒരു പ്രദേശമാകെ 24 മണിക്കൂറിലധികം വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. മാതാപ്പുഴ ഫീഡറിലേക്കുള്ള എച്ച്ടി ലൈനാണ് തകര്‍ന്നത്. ഇന്ന് തൊഴിലാളികളെത്തിയ ശേഷമേ വൈദ്യുതി വിതരണം പൂര്‍ണ്ണമായി പുനസ്ഥാപിക്കാനാകൂ എന്നാണ് ചേളാരി സെക്ഷന്‍ ഓഫീസില്‍ നിന്നും അറിയിച്ചത്. നാട്ടുകാര്‍ പരാതിയുമായി കെഎസ്ഇബി ഓഫീസിലെത്തിയത് ബഹളത്തിനിടയാക്കി. ഇതിനാല്‍ അധികൃതര്‍ ഇന്നലെ രാത്രിയോടെ ഫീഡര്‍ മാറ്റി ചാര്‍ജ് ചെയ്ത് ഭാഗികമായി വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. അതെ സമയം പണിമുടക്കിന്റെ കാരണത്തില്‍ ലൈന്‍ മാറ്റി ചാര്‍ജ് ചെയ്യാതെ ആയിരകണക്കിന് വീട്ടുകാരെ ബുദ്ധിമുട്ടിലാക്കിയത് പ്രതിഷേധത്തിനിടയാക്കി.

RELATED STORIES

Share it
Top