പൊതുജനങ്ങള്‍ക്ക് ആശ്വാസമായി കലക്ടറുടെ താലൂക്കുതല അദാലത്ത്

മലപ്പുറം: പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ജില്ലാ കലക്ടറുടെ നിലമ്പൂര്‍ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത്. നിലമ്പൂര്‍ വ്യാപാര ഭവനില്‍ നടന്ന അദാലത്തില്‍ 202 പരാതികളാണ് ലഭിച്ചത്. ഓണ്‍ലൈനായി ലഭിച്ച 27 പരാതികളില്‍ 21 എണ്ണം നേരത്തെ തീര്‍പ്പാക്കിയിരുന്നു. നിലമ്പൂരില്‍ രണ്ടാമത്തെ അദാലത്താണിത്. നേരത്തെ 2017 ഡിസംബറില്‍ നടന്ന അദാലത്തില്‍ തൊള്ളായിരത്തിലധികം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്നു.
ഇത്തവണ അപേക്ഷ 202 ആയി കുറഞ്ഞു. അടുത്ത അദാലത്താവുമ്പോഴേക്ക് പരാതി രഹിത താലൂക്കായി നിലമ്പൂര്‍ മാറുമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്നലെ നടന്ന അദാലത്തില്‍ ഭൂരിഭാഗവും വീട് നിര്‍മാണ സഹായം, വീട് റിപ്പയര്‍, ഭിന്നശേഷിക്കാരുടെ ചികില്‍സാ സഹായം, മുച്ചക്ര വാഹനത്തിനുള്ള അപേക്ഷ, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായ, ബാങ്ക് വായ്പാ ഇളവ്, ജപ്തി നടപടികളില്‍നിന്നു ഒഴിവാക്കല്‍ തുടങ്ങിയ പരാതികളായിരുന്നു. നിലവില്‍ സിവില്‍ സ്റ്റേഷനിലുള്‍പ്പെടെ ജില്ലാ ഓഫിസുകളില്‍ നടപ്പാക്കിവരുന്ന ഭിന്നശേഷി സൗഹൃദ ഓഫിസ് പദ്ധതി ഉടന്‍ തന്നെ ജില്ലയിലെ മുഴുവന്‍ ഓഫിസുകളിലും വ്യാപിപ്പിക്കുമെന്നു പരാതിക്കു മറുപടിയായി കലക്ടര്‍ പ്രഖ്യാപിച്ചു. വീടിന്റെ സ്ഥല വിസ്തീര്‍ണം അധികമായതിനാല്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ പെടാതെ പോയ ഭിന്നശേഷി കുട്ടിയുടെ കുടുബത്തിന് സര്‍ക്കാര്‍ ചികില്‍സാ സഹായം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകിരിക്കാന്‍ സപ്ലൈ ഓഫിസറോട് നിര്‍ദേശിച്ചു. നിലമ്പൂര്‍ മുക്കട്ട കരുളായി റോഡില്‍ എല്‍പി സ്‌കൂളിനു സമീപം അപകടാവസ്ഥയിലായ വന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെകുറിച്ചു തീരുമാനമെടുക്കാന്‍ വില്ലേജ് ഓഫിസര്‍ കണ്‍വീനറായ ട്രീ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള ധനസഹായ വിതരണം കാര്യക്ഷമമമല്ലെന്ന പരാതി പരിഹരിക്കാന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
2012ല്‍ ലേലത്തില്‍ വിളിച്ചു പണമടച്ച തേക്ക് തടി ഇതുവരെ ലഭ്യമായില്ലെന്ന പരാതിയില്‍ റവന്യൂ റിക്കവറി വിഭാഗത്തിനോട് അടിയന്തര നടപടി നിര്‍ദേശിച്ചു. ചുങ്കത്തറ വെള്ളാരം കുന്നിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മണ്‍പാത്ര നിര്‍മാണ കമ്പനിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പോരൂര്‍ പഞ്ചാത്തിലെ സമൃദ്ധി ശുദ്ധജല പദ്ധതിയില്‍നിന്നു കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയില്‍ തീര്‍പ്പാക്കാന്‍ ജലനിധി പ്രൊജക്ട് മാനേജറോട് നിര്‍ദേശിച്ചു. നിലമ്പൂര്‍ നഗരസഭ, മമ്പാട് പഞ്ചായത്തിലെ കൃഷി നാശം പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കൃഷി ഓഫിസര്‍മാരെ ചുമതലപ്പെടുത്തി.അദാലത്തില്‍ അസി.കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, പെരിന്തല്‍മണ്ണ ആര്‍ഡിഒ കെ അജീഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ എസ് ജയശങ്കര്‍ പ്രസാദ്, സി അബ്ദുല്‍ റഷീദ്, എ നിര്‍മ്മല കുമാരി, പി കെ രമ, പി പ്രസന്നകുമാരി, നിലമ്പൂര്‍ തഹസില്‍ദാര്‍ വി സുഭാഷ് ചന്ദ്ര ബോസ്് പങ്കെടുത്തു.

RELATED STORIES

Share it
Top