പൊതുജനങ്ങള്‍ക്കു സാമൂഹിക നീതി ഇനിയുംലഭ്യമായിട്ടില്ല: സി എഫ് തോമസ് എംഎല്‍എചങ്ങനാശ്ശേരി: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ആറര പതിറ്റാണ്ടു പിന്നിട്ടിട്ടും പൊതുജനങ്ങള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ സാമൂഹികനീതി ഇനിയും ലഭ്യമായിട്ടില്ലെന്നു സി എഫ് തോമസ് എംഎല്‍എ. ആസ്തി വികസനഫണ്ടില്‍ നിന്നു 65 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ഗവ. ഹയര്‍സെക്കണ്ടറിസ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ലഭിക്കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലഭ്യമല്ല. അതുണ്ടാക്കാന്‍ സാമ്പത്തികം ഉള്‍പ്പെടെയുള്ള എല്ലാ ഭൗതികസൗകര്യങ്ങള്‍ ഉണ്ടെങ്കിലും അവ നല്‍കാന്‍ ഭരണാധികാരികള്‍ക്കായിട്ടില്ല. പണമുള്ളവര്‍ കൂടുതല്‍ ചികില്‍സ തേടിയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോവുമ്പോള്‍ പാവപ്പെട്ടവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അവിടെ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തത് അവരെ ദുരിതത്തിലാഴ്ത്തുന്നതായും അദ്ദേഹം പറഞ്ഞു. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിനു വേണ്ടത്ര ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ അടുത്ത ബജറ്റില്‍ പണം വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ എന്‍ജിനീയര്‍ മധു എസ് കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ എസ് നജുമുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി.  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ ഷീജ, നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ സുമാ ഷൈന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി എ നസീര്‍,  കൗണ്‍സിലര്‍ അംബികാ വിജയന്‍ സംസാരിച്ചു. ചടങ്ങില്‍ അത്‌ലറ്റിക് ആന്റ് സ്‌പോര്‍ട്‌സ്- വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും നടന്നു.

RELATED STORIES

Share it
Top