പൊക്കുടന്റെ നാട്ടില്‍ നിന്നൊരു കണ്ടല്‍ സംരക്ഷകന്‍

ടി ബാബു

പഴയങ്ങാടി (കണ്ണൂര്‍): കണ്ടലുകളുടെ തോഴനെന്നറിയപ്പെട്ടിരുന്ന കല്ലേന്‍ പൊക്കുടന്റെ നാട്ടില്‍ നിന്നു കണ്ടലിനൊരു സംരക്ഷകന്‍ കൂടി. പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന മല്‍സ്യത്തൊഴിലാളിയായ പഴയങ്ങാടി താവത്തെ പാറയില്‍ രാജനാണ് ഈ കണ്ടല്‍സ്‌നേഹി. വലിയ പഠിപ്പും പത്രാസുമില്ലാത്ത ഒരു അഞ്ചാംക്ലാസുകാരന്റെ പച്ചപ്പിനോടുള്ള അടങ്ങാത്ത പ്രണയമാണു കണ്ടല്‍ സംരക്ഷണമായി മാറിയത്. 50കാരനായ രാജന്‍ ആള്‍ക്കൂട്ടങ്ങളുടെ കൈയടിവാങ്ങാനും ചാനലുകളുടെ ശ്രദ്ധനേടാനും വേണ്ടിയല്ല കണ്ടലുകളെ ഇഷ്ടപ്പെടുന്നതും സംരക്ഷിക്കുന്നതും.
രണ്ടു പതിറ്റാണ്ടായി രാജന്റെ ജീവിതം കണ്ടല്‍വല്‍ക്കരണത്തിനുവേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. രാജന്റെ തോണി സഞ്ചരിക്കുന്ന പ്രദേശങ്ങളിലെല്ലാം കണ്ടല്‍ക്കാടുകള്‍ തളിര്‍ത്തിരിക്കുന്നു. അതുകൊണ്ടും പോരാതെ ഒരു കണ്ടല്‍ നഴ്‌സറിയും ആരംഭിച്ചു. കണ്ടല്‍ വിത്തുകള്‍ ശേഖരിച്ച് പുഴയോരങ്ങളില്‍ നട്ടുപിടിപ്പിക്കലാണ് ദിനചര്യകളിലൊന്ന്. താവം പുഴയോരത്ത് രാജന്‍ നട്ടുപിടിപ്പിച്ച ഏക്കര്‍ കണക്കിന് കണ്ടലുകള്‍ പച്ച പുതച്ച് സമൃദ്ധമായി വളര്‍ന്നിരിക്കുന്നു. തോണിയുമെടുത്ത് താവം, പഴയങ്ങാടി, മുട്ടുകണ്ടി, ഓല്‍ പ്രദേശങ്ങളിലെ കണ്ടല്‍ ചെടിക്കിടയില്‍ വിത്തിനായി അലയുന്നന്നതോടെയാണ് ഇദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്.രാവിലെ ആറിനു മുമ്പ് പുഴയിലെത്തും.
കിട്ടുന്ന വിത്തുകള്‍ പുഴയോരത്ത് തന്നെ മുളപ്പിച്ചെടുക്കുന്നു. പിന്നെ കണ്ടലില്ലാത്ത ഭാഗത്ത് അവ നട്ടുപിടിപ്പിക്കും. ഇതാണ് രാജന്റെ രീതി. ഇതിനകം 10,000 കണ്ടല്‍ വിളകള്‍ മുളപ്പിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ സംഘടനകളുടെയും നാട്ടുകാരുടെയും പ്രോല്‍സാഹനംകൂടിയായപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ചു. കണ്ടല്‍ നട്ടുപിടിപ്പിക്കുമ്പോഴും രാജനെ വേദനിപ്പിക്കുന്ന കാഴ്ചയാണു പുഴയോരങ്ങളില്‍ ഇപ്പോഴുള്ളത്. പഴയങ്ങാടി പുഴയില്‍ തള്ളുന്ന മാലിന്യങ്ങള്‍ കണ്ടല്‍ നാശത്തിനു വഴിവയ്ക്കുകയാണെന്ന് ഇദ്ദേഹം ആകുലപ്പെടുന്നു.
മാലിന്യം വേരുകള്‍ക്കിടയില്‍പ്പെട്ട് പരിസ്ഥിതിപ്രശ്‌നങ്ങള്‍ തന്നെയാണുണ്ടാവുന്നതെന്നാണു കണ്ടല്‍ രാജന്റെ പരാതി. ഇതുകൊണ്ട് മാലിന്യം നീക്കം ചെയ്യുന്ന ജോലിയും രാജന് അധികമായി ചെയ്യേണ്ടിവരുന്നു. ഇദ്ദേഹത്തിന്റെ നിശ്ശബ്ദ സേവനം സമീപവാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. പരിസ്ഥിതിസ്‌നേഹത്തിന്റെ പേരില്‍ പല സംഘടനകളും ഖജനാവില്‍ നിന്നും മറ്റുമായി ലക്ഷങ്ങള്‍ തട്ടുമ്പോഴാണ് ആരെയും അറിയിക്കാതെ രാജന്‍ കണ്ടല്‍ സംരക്ഷണം ജീവിത ലക്ഷ്യമായി തുടരുന്നത്. മീന്‍പിടിത്തം കഴിഞ്ഞുള്ള സമയമാണ് കണ്ടല്‍ സംരക്ഷണത്തിനായി നീക്കിവച്ചിരിക്കുന്നത്. ഭാര്യ സേതുലക്ഷ്മിയും മക്കളായ യഥുരാജും പൂജയും കൂട്ടിനുണ്ട്.

RELATED STORIES

Share it
Top