പൈപ്പ് തകരാര്‍; അറ്റക്കുറ്റപ്പണി നടത്താന്‍ തീരുമാനമായി

വടകര:  താലൂക്കില്‍ പലയിടങ്ങളിയും പൊട്ടിക്കിടക്കുന്ന കുടിവെള്ള വിതര പൈപ്പുകള്‍ സമയബന്ധിതമായി നേരെയാക്കി കുടിവെള്ള വിതരണം സുഖമമാക്കാന്‍ ജനപ്രതിനിധികള്‍, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍, റവന്യു വകുപ്പ് എന്നിവരുടെ യോഗത്തില്‍ തീരുമാനിച്ചു. താലൂക്കിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.
വടകര മുനിസിപാലിറ്റിയടക്കം വിവിധ പഞ്ചായത്തുകളില്‍ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുയാണെന്ന് യോഗത്തില്‍ പ്രതിനിധികള്‍ പറഞ്ഞു. മാര്‍ച്ച് 16 മുതല്‍ കുടിശിക ലഭിക്കാത്ത സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കരാറുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ എംഎല്‍എമാരായ സികെ നാണു, വികെസി മമ്മദ് കോയ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മന്ത്രി മാത്യ ടു തോമസുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കുകയും പണിമുടക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു. പണിമുടക്ക് പിന്‍വലിച്ച കരാറുകള്‍ രാപ്പകലില്ലാതെ പൊട്ടിയ പൈപ്പുകളുടെ പ്രവൃത്തികള്‍ പരിഹരിക്കുമെന്ന് അറിയിച്ചു.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടുട്ടും കുടിവെള്ള വിതരണം അവതാളത്തില്‍ തന്നെ നിലനില്‍ക്കുകയാണ്. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും പ്രശ്‌നത്തില്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ. വിമര്‍ശനം ഉയര്‍ന്നിരുന്നു. അഴിയൂര്‍ സുനാമി കോളനിയില്‍ കെ.എസ്.എച്ച്.ബി വാട്ടര്‍ ടാങ്കില്‍ കുടിവെള്ള വിതരണം എത്തുക്കുന്നതിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക വകയിരുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സികെ നാണു എംഎല്‍എ യോഗത്തില്‍ വ്യക്തമാക്കി. താലൂക്കില്‍ വെള്ളം വിതരണം ചെയ്യുന്ന കനാലുകളില്‍ ഇതുവരെ തുറക്കാത്ത കനാലുകള്‍ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇറിഗേഷന്‍ വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. മാത്രമല്ല കുടിവെള്ള വിതരണം തീരെയില്ലാത്ത മുനിസിപാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കിയോസ്‌കുകളിലൂടെയും മറ്റും വെള്ളം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ റവന്യു, പഞ്ചായത്ത് അധികൃതര്‍ ചെയ്യണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്നതിനായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓണ്‍ ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് 11 ലക്ഷം രൂപ വരെ ഉപയോഗിക്കാവുന്നതാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ ഉത്തരുവുണ്ടായിരുന്നു. അതേസമയം താലൂക്കിന്റെ നേതൃത്വത്തില്‍ വെള്ളം വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ വിളിച്ചിട്ടുണ്ടെന്നും തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ജില്ലാ കലക്ടറാണെന്നും താലൂക്ക് അധികൃതര്‍ പറഞ്ഞു. യോഗത്തില്‍ നാദാപുരം എംഎല്‍എ ഇകെ വിജയന്‍, തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എടി ശ്രീധരന്‍, ടികെ രാജന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എംഎം വിനോദ് സംബന്ധിച്ചു.

RELATED STORIES

Share it
Top