പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കുന്നില്ല

ഒല്ലൂര്‍: ഒല്ലൂരില്‍ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ച റോഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കുന്നതില്‍ അധികൃതര്‍ മെല്ലെപോക്ക് തുടരുന്നു. ടാറിങ്ങ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍.
ഒല്ലൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് കോണ്‍ഗ്രസ് ചൊവ്വാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തും. വ്യവസായ എസ്‌റ്റേറ്റ് മുതല്‍ ക്രിസ്റ്റഫര്‍ നഗര്‍ വരെയാണ് മാര്‍ച്ച് നടത്തുക. ബി.ജെ.പി ഒല്ലൂര്‍ ഏരിയ കമ്മിറ്റി കഴിഞ്ഞ ദിവസം ഒല്ലൂര്‍ സെന്ററില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ വ്യാപാരികളും സമരവുമായി രംഗത്തിറിങ്ങും. തിങ്കളാഴ്ച കടകള്‍ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി വ്യാപാരികള്‍ പ്രതിഷേധിക്കും. രാവിലെ 9.30 മുതല്‍ ഒരു മണിക്കൂറാണ് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുക.
ഒന്നര മാസം മുമ്പാണ് ഒല്ലൂര്‍ വ്യവസായ എസ്‌റ്റേറ്റ് മുതല്‍ ക്രിസ്റ്റഫര്‍ നഗര്‍ ജംഗഷന്‍ വരെയുള്ള  റോഡ് വെട്ടിപൊളിച്ച് കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്. മെക്കാഡം ടാറിങ്ങ് നടത്തിയ റോഡിന്റെ മധ്യഭാഗം പൊളിച്ചായിരുന്നു ജലസോചന വകുപ്പ് അധികൃതര്‍ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. പൈപ്പ് ലൈന്‍ സ്ഥാപിച്ച് മഴതുടങ്ങും മുമ്പ് റോഡ് റീടാറിങ്ങ് നടത്തുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായെങ്കിലും റോഡ് ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതില്‍ അധികൃതര്‍ മെല്ലപോക്ക് തുടരുന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധ സമര പരിപാടികള്‍ ആരംഭിക്കാനൊരുങ്ങുന്നത്.
ഒല്ലൂര്‍ റോഡിന്റെ ശോച്യാവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മുന്‍ ജില്ലാ കളകടര്‍ ഡോ. എ കൗശിഗന്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര നടപടിക്ക്  പൊതുമരാമത്ത് വകുപ്പിനും ജലസേചന വകുപ്പിനും നിര്‍ദ്ദശം നല്‍കിയിരുന്നു. കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അറ്റകുറ്റപണിയാരംഭിക്കാത്തതിനാല്‍ എ.ഡി.എം വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് താക്കീത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വെട്ടിപൊളിച്ച റോഡില്‍ കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്തുവെങ്കിലും പൊതുമരാമത്ത് വകുപ്പ് ടാറിങ്ങ് നടത്താതെ മെല്ലപോക്ക് തുടരുകയാണ്.
കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് ടാറിടുന്നതിന് ജലഅതോറിറ്റി 1.70 കോടി രുപ പൊതുമരാമത്ത് വകുപ്പിന് നേരത്തെ കൈമാറിയിരുന്നു. വെട്ടിപൊളിച്ച റോഡ് അറ്റകുറ്റപണി നടത്തി മെക്കാഡം ടാറിങ്ങ് നടത്തണമെന്നാവശ്യപെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരവുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ്.

RELATED STORIES

Share it
Top