പൈപ്പില്‍ കുടിവെള്ളം ലഭിച്ചില്ല; പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു

ആലത്തൂര്‍: കാവശേരി പഞ്ചായത്തിലെ ചുണ്ടക്കാട്ടില്‍ പഞ്ചായത്ത് പൊതുടാപ്പില്‍ അഞ്ചുദിവസമായിട്ടും വെള്ളം വരാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി സി ഭാമയെ ജനങ്ങള്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ്  വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ള അന്‍പപതോളം പേര്‍ പഞ്ചായത്തിലെത്തിയത്.
പ്രദേശത്തേക്ക് ഗായത്രിപ്പുഴ വലിയപറമ്പ് തടയണയില്‍ നിന്ന് വക്കീല്‍പ്പടി ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് ഇതുവരെ കുടിവെള്ളം വിതരണം ചെയ്തിരുന്നത്. തടയണയില്‍ വെള്ളം കുറഞ്ഞതോടെ കഴിഞ്ഞ വരള്‍ച്ച കാലത്ത് പദ്ധതിക്കു വേണ്ടി കുഴിച്ച  കുഴല്‍ക്കിണറില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ മോട്ടോര്‍ താഴ്ന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി വെള്ളം നല്‍കാന്‍ കഴിയുന്നില്ല. ഇതേ തുടര്‍ന്ന് ചുണ്ടക്കാട്, റഹ്്മാനിയ പള്ളി പരിസരം, പ്രിയദര്‍ശിനി ക്ലബ് പരിസരം, തീപ്പെട്ടി കമ്പനി, പുഴയ്ക്കല്‍, പാറപ്പുറം പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്.ഇവരില്‍ പലരും പഞ്ചായത്തിലെ പൊതു ടാപ്പിനെയാണ് ആശ്രയിക്കുന്നത്. കാവശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡായ ചുണ്ടക്കാടും, ഒമ്പതാം വാര്‍ഡായ മൂപ്പ് പറമ്പിലെ പല  പ്രദേശങ്ങളിലും  കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ കുടിവെള്ളത്തിനു വേണ്ടി സ്ത്രീകള്‍ നെട്ടോട്ടമോടുകയാണ്. വേനല്‍മഴ ലഭിച്ചിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ ഇനി എങ്ങനെയാണ് ജീവിക്കുക എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഗായത്രിപ്പുഴയിലെ ചുണ്ടക്കാട് ആനപ്പാറയില്‍  ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ ഇത് നടപ്പായില്ല.
ആനപ്പാറയില്‍ തടയണയുണ്ടാക്കിയാല്‍ ഇവിടേക്ക് പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടാങ്കറില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി വേണമെന്നും ജനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. മോട്ടോര്‍ കോയമ്പത്തൂരില്‍ നന്നാക്കാന്‍ കൊണ്ടു പോയിരിക്കുകയാണെന്നും രണ്ട് ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും പ്രസിഡന്റ് പി സി ഭാമ പറഞ്ഞു.

RELATED STORIES

Share it
Top