പൈപ്പിലൂടെ വരുന്നത് ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളം

കോഴിക്കോട്: വെസ്റ്റ് മാങ്കാവ് കൂളിത്തറ നിവാസികള്‍ക്ക് പൈപ്പിലൂടെ വരുന്നത് ഓവു വെള്ളംപോലെ ചളി നിറഞ്ഞതും അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നതും. മീഞ്ചന്ത ബൈപ്പാസില്‍ വളയനാട് കവലയില്‍ നിന്നും കോഴിക്കോട്ടുള്ള കൂളിത്തറ ഇടവഴിയില്‍ താമസക്കാരായ നൂറിലേറെ വീട്ടുകാരാണ് ശുദ്ധജലത്തിനു പകരം കറുത്ത വെള്ളം പൈപ്പിലൂടെ വരുന്നതു മൂലം കുടിവെള്ളം മുട്ടി കഴിയുന്നത്.
വീട്ടുകാരില്‍ പലരും വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് 4500 ഓളം രൂപ മുടക്കി പുതിയ കണക്്ഷന്‍ എടുത്തതെന്ന് കട നടത്തുന്ന കുഞ്ഞാളുകോയ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ഭയത്തില്‍ ടാങ്കില്‍ അടച്ചു സൂക്ഷിച്ച വെള്ളം മുഴുവന്‍ പുറമേക്ക് ഒഴിച്ചു കളയേണ്ട ഗതികേടിലാണ് വീട്ടുകാര്‍. അഴുകിയ വെള്ളത്തിനാകട്ടെ ബില്ലിലെ മുഴുവന്‍ തുകയും അടക്കുകയും വേണം. വാട്ടര്‍ ബില്ലാകട്ടെ എപ്പോഴും കുത്തനെ കൂടികൂടി വരുകയാണ്.
കുളിക്കാനോ കുടിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ മറ്റുപയോഗങ്ങള്‍ക്കോ ഈ പൈപ്പ് വെള്ളം ഉപയോഗിക്കാനാകുന്നില്ല. ഓവു ചാലുകളില്‍ നിന്നും കലരുന്നതാണോ, അതോ വാട്ടര്‍ അതോറിറ്റി വെള്ളമെടുക്കുന്ന പുഴകളിലെ അഴുക്ക് തന്നെയാണോ ഇതെന്നും സംശയമുണ്ട്. വേനലറുതിയില്‍ ജലക്ഷാമത്തിനു പുറമെ വരുന്ന വെള്ളം ഉപയോഗിക്കാത്തതു കൂടിയാവുന്നു.

RELATED STORIES

Share it
Top