പേ വിഷബാധ: പശുക്കള്‍ ചത്തൊടുങ്ങുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു

വടകര : മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍ പേ വിഷബാധയേറ്റ് പശുക്കള്‍ ചത്തൊടുങ്ങുന്നത് തുടര്‍ക്കഥയായി മാറുമ്പോള്‍ പ്രതിസന്ധിയിലായത് ക്ഷീര കര്‍ഷകര്‍. പശുക്കളെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. ക്ഷീര സൊസൈറ്റിയില്‍ നിന്ന് സ്‌കൂളുകളടക്കമുള്ളവര്‍ പാല്‍ സ്വീകരിക്കാറുണ്ടായിരുന്നു.പേ വിഷബാധയേറ്റതോടെ സ്‌കൂളുകള്‍ പാല്‍ സ്വീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.പാല്‍ ഉപയോഗിച്ചുള്ള മറ്റു ഉല്‍പ്പനങ്ങളുടെ വില്‍പ്പനയും നിലച്ചതോടെ ജീവിതം പാടെ വഴിമുട്ടിയ നിലയിലാണെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു. ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിന്റെ ഭാഗമായി വെറ്ററിനറി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടന്നിരുന്നു. പാല്‍ തിളപ്പിച്ചാല്‍ വൈറസുകള്‍ നശിക്കും എന്നാണ് ആരോഗ്യ പ്രവര്‍ത്തകരും വെറ്ററിനറി ഡോക്ടര്‍മാരും പറയുന്നത്. കുത്തിവെപ്പ് എടുത്തിട്ട് പോലും പശുക്കള്‍ ചത്തൊടുങ്ങുന്നതാണ് ജനങ്ങള്‍ക്ക് ആശങ്കയകലാത്തത്. ക്ഷീര കര്‍ഷകരുടെ ആശങ്കയകറ്റുന്നതിനായി മണിയൂര്‍ പിഎച്ച്‌സി, മൃഗാശുപത്രി, മന്തരത്തൂര്‍ ക്ഷീരസൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നാളെ വൈകുന്നേരം 3 മണിക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പിന്റെ മൂന്നാം ഘട്ടം നാളെ മുമ്പ് കുത്തിവെപ്പ് നടത്തിയ കേന്ദ്രങ്ങളില്‍ നടക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പശുവിനെ നഷ്ടപ്പെട്ടവര്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്താന്‍ പറ്റാത്ത ക്ഷീരകര്‍ഷകര്‍ക്കും അടിയന്തിരമായി നഷ്ടപരിഹാര നല്‍കണമെന്ന് വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പേവിഷ ബാധയേറ്റ് പശുക്കള്‍ ചത്തു പോയ ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് മന്തരത്തൂര്‍ ശാഖ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കും.

RELATED STORIES

Share it
Top