പേ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവംനഷ്ടപരിഹാരം ലഭിക്കാനുള്ള നടപടിയായില്ല; വ്യാപക പ്രതിഷേധം

വടകര: മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍ പേ വിഷബാധയേറ്റ് പശുക്കള്‍ ചാകാനിടയായ സംഭവത്തില്‍ പശുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടിയായില്ല. മന്തരത്തൂരില്‍ പേ വിഷബാധയേറ്റ് 14 പശുക്കളായിരുന്നു ചത്തത്. എന്നാല്‍ സംഭവം നടന്നിട്ട് ഒരു മാസത്തിലേറെയായിട്ടും ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ നടപടിയാകാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അമ്പതിനായിരം മുതല്‍ അറുപതിനായിരം രൂപ വില വരുന്ന കറവ പശുക്കളാണ് ചത്തതില്‍ അധികവും.
പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ഇല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ വലിയ തോതില്‍ ലഭിക്കില്ലെന്ന് കണ്ട് ഇതിനായി സംസ്ഥാന വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഗ്രാമ പഞ്ചായത്ത്, എന്നിവയുടെ ഏകോപിപ്പിച്ച പ്രവര്‍ത്തനം ഉണ്ടായാല്‍ മാത്രമെ നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാവൂ. ഇങ്ങനെയുള്ള ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തിയാല്‍ സര്‍ക്കാരില്‍ നിന്നുള്ള ധന സഹായം ലഭിക്കേണ്ടതുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു വിധ നടപടികളും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഉണ്ടാകാത്തതിനാല്‍ ക്ഷീര കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
നഷ്ടപരിഹാരം ലഭിക്കുന്നതുടള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം തന്നെ ക്ഷീര കര്‍ഷരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ചില രാഷ്ട്രീയ സംഘടനകള്‍ തീരുമാനിച്ചിരിക്കുകയാണ്.
അതേസമയം പശുക്കള്‍ക്ക് പേ ഇളകാനുണ്ടായ സാഹചര്യവും, ഇവയെ കടിച്ച ജീവികളെ കണ്ടെത്താനോ കഴിയാത്തതും നാട്ടുകാരില്‍ ഭീതി ഉയര്‍ത്തിയിരിക്കുകയാണ്. പേ ഇളകിയ അജ്ഞാത ജീവിയുടെ കടിയേറ്റാണ് പശുക്കള്‍ക്ക് പേ വിഷബാധയേറ്റത്. എന്നാല്‍ ഇത്തരം ജീവികള്‍ മൂന്ന് ദിവസത്തിനകം ചാകുന്ന സാഹചര്യവും നിലവിലുണ്ട്. സമീപ പ്രദേശങ്ങളിലൊന്നും തന്നെ ഇങ്ങനെ ചത്തതായി ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല.
തൊട്ടടുത്ത പ്രദേശമായ ചെരണ്ടത്തൂരില്‍ അഴുകിയ നിലയില്‍ കണ്ട ജീവിയുടെ അന്തരീകാവയവം ഫോറന്‍സിക് പരിശോധന നടത്തിയതിന്റെ കള്ളൂണി എന്ന ജീവിയാണിതെന്നും, ഇത് പേയിളകിയല്ല മരിച്ചതെന്നുമാണ് റിപ്പോര്‍ട്ട് ലഭിച്ചത്.
പശുക്കളെ കടിച്ച ജീവിയെ കണ്ടെത്താന്‍ ക്യാമറ സ്ഥാപിച്ചെങ്കിലും ഇത്രയും ദിവസമായിട്ടും ഒരു വന്യ ജീവി പോലും ഈ പ്രദേശത്ത് എത്തിച്ചേര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കുറ്റിയാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പറയുന്നത്. നിലവില്‍ ക്യാമറ നീക്കം ചെയ്തിട്ടുണ്ടെങ്കിലും നേരത്തെ വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കൂട് ഇപ്പോഴുമുണ്ട്. കൂട്ടിലും ഇത്തരം മൃഗങ്ങളൊന്നും എത്തിച്ചേര്‍ന്നിട്ടില്ല. യഥാസമയം വനംവകുപ്പിനെ വിളിച്ചുവരുത്തി ക്യാമറയും കൂടും സ്ഥാപിക്കാത്തതാണ് അജ്ഞാത ജീവിയെ കുറിച്ചുള്ള വിവരം ലഭിക്കാതെ പോയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മാത്രമല്ല കൂട് സ്ഥാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ക്യാമറ സ്ഥാപിച്ചത്. നാട്ടുകാരുടെ ഭീതി കാരണം ഈ പ്രദേശത്തെ ഇരുനൂറോളം ആട് മാടുകള്‍ക്കും, പശുക്കള്‍ക്കും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാക്‌സിനേഷന്‍ നല്‍കിയിരുന്നു.
മന്തരത്തൂരിന്റെ പല പ്രദേശങ്ങളിലായി നടത്തിയ ക്യാംപില്‍ 620 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. പശു ഒന്നിന് അഞ്ച് ഡോസ് വീതമാണ് നല്‍കിയത്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമായെങ്കിലും ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടിയാകാത്തതും, നഷ്ടപരിഹാരം ലഭിക്കുന്നത് വൈകുന്നതും പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

RELATED STORIES

Share it
Top