പേഷ്യന്റ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി

പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെ  ട്രയല്‍ റണ്‍ പൂര്‍ത്തിയായി.സംവിധാനം അടുത്ത മാസം മുതല്‍ പുനരാരംഭിക്കും. രോഗികളുടെ സൗകര്യാര്‍ത്ഥം പരിഗണിച്ച് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച പേഷ്യന്റ് മാനേജ്‌മെന്റ്  സംവിധാനത്തിന്റെ ട്രയല്‍ റണ്ണാണ് പൂര്‍ത്തിയായത്. ക്യൂവില്‍ നിന്ന് വലയാതെ ഡോക്ടറെ എളുപ്പത്തില്‍ കാണുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കിയത്.
ഇതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. സംവിധാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടിയാണ് ട്രയല്‍ നടത്തിയത്. എന്നാല്‍ ട്രയല്‍ സംവിധാനം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായെന്ന് തെറ്റിദ്ധരിച്ച ചിലര്‍ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ പദ്ധതി പാളിയെന്നാരോപിച്ച് രംഗത്തെത്തുകയും ചെയ്തു.
പൊന്നാനി നഗരസഭ ഡിഎംആര്‍സിയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പേഷ്യന്റ് മാനേജ്‌മെന്റ് സിസ്റ്റം നിലവില്‍ വരുന്നതോടു കൂടി മുന്‍കാലങ്ങളില്‍ അവശരായ രോഗികള്‍ ഒപി ടിക്കറ്റ് എടുക്കുന്നതിനും, ഡോക്ടറെ കാണുന്നതിനും, മരുന്ന് വാങ്ങുന്നതിനും വേണ്ടി മണിക്കൂറുകളോളം വരി നിന്നിരുന്ന അവസ്ഥ ഇല്ലാതാവും.
പുതിയ സിസ്റ്റത്തിന്റെ ഭാഗമായി ആശുപത്രിയില്‍ വരുന്ന രോഗിക്ക് പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ടോക്കണ്‍ ഡിസ്‌പെന്‍സറില്‍ നിന്ന് നേരിട്ട് ടോക്കണ്‍ എടുക്കാം. തുടര്‍ന്ന് ഒപി കൗണ്ടറിന് മുന്നില്‍ സ്ഥാപിച്ച കസേരയില്‍ ഇരുന്നാല്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം കൗണ്ടറില്‍ നിന്ന് ടിക്കറ്റുകള്‍ നല്‍കും.ഏത് വിഭാഗം ചികിത്സയാണോ ആവശ്യം എന്നതിനനുസരിച്ച് നല്‍കുന്ന ടിക്കറ്റുപയോഗിച്ച് ഒപി ബ്ലോക്കില്‍ കാത്തിരുന്നാല്‍ ഊഴമനുസരിച്ച് ഡോക്ടറെ കാണാന്‍ കഴിയും.ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, സര്‍ജറി, ഓര്‍ത്തോ, ഒഫ്ത്തമോളജി എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക ബ്ലോക്കുകളായി തിരിച്ചാണ് ഔട്ട് പേഷ്യന്റ് സേവനം ലഭ്യമാവുക. ഡോക്ടറുടെ കുറിപ്പുമായി ഫാര്‍മസിക്ക് മുന്നില്‍ സ്ഥാപിച്ച കസേരയില്‍ കാത്തിരുന്നാല്‍ ആവശ്യമായ മരുന്നുകളും ലഭ്യമാവും. തികച്ചും, നൂതനമായ രീതിയില്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയാണ് ആശുപത്രിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top